അശ്വത്ഥാമാ എന്ന പേരു് ഒരാനയ്ക്കിട്ടുകൊടുക്കുകയും ഈ പാവംപിടിച്ച മൃഗത്തിനെ കൊല്ലുകയും ചെയ്ത ശേഷം കള്ളംപറയാത്ത ധര്‍മ്മപുത്രര്‍ ദ്രോണരെ യുദ്ധമുഖത്തുനിന്നു് പിന്‍വലിപ്പിക്കാനായി "അശ്വത്ഥാമാ ഹതഃ കുഞ്ജര" എന്നുച്ഛരിച്ചതായി വ്യാസമുഖത്തുനിന്നു പണ്ടു വിഘ്നേശ്വരന് കേട്ടെഴുതിയിരുന്നു. തന്റെ മകനാണു് കൊല്ലപ്പെട്ടതെന്നു കരുതി തേരില്‍നിന്നിറങ്ങി യുദ്ധമുഖത്തു മുഖംപൂഴ്ത്തിയിരുന്ന ദ്രോണരെ പഴയ സതീര്‍ത്ഥ്യന്റെ മക(ള)ന്റെ പിന്നിലൊളിച്ച വത്സലശിഷ്യനായ അര്ജ്ജുനന് തന്നെ എയ്തുവീഴ്ത്തി. ഈ ഒളിപ്പോരിനു സാഹചര്യമൊരുക്കാനായി കുഞ്ജര എന്ന പ്രയോഗം ദ്രോണര് കേള്‍ക്കാതിരിപ്പാന്‍ ശബ്ദം താഴ്ത്തിയാണു് യുധിഷ്ഠിരന് പറഞ്ഞതു്. വാചകത്തിലെ പ്രധാനവിവരമായ കുഞ്ജരത്തെ -ആനയെ- വിഴുങ്ങി എന്നും പറയാം.
കേട്ടെഴുതാനിരുന്ന വിഘ്നേശ്വരന് പക്ഷെ ഈ വിവരം വിഴുങ്ങിയില്ല. അല്ലെങ്കില്‍ ഒന്നാമത്തെ 'ആനവിഴുങ്ങിവാര്ത്ത'യായി ഈ സംഭവം കൊണ്ടാടപ്പെടുമായിരുന്നു. ഇന്നിപ്പോള്‍ ഇത്തരം ആനവിഴുങ്ങിവാര്ത്തകളുടെ കാലമാണു്. ഏതെങ്കിലും സംഭവത്തെക്കുറിച്ചു വരുന്ന റിപ്പോര്‍ട്ടുകളില്‍ അതിലെ പ്രധാനഭാഗം മാത്രം കാണില്ല.
ആനവിഴുങ്ങിവാര്ത്തകള് വെറുതെ ഉണ്ടാവുന്നതല്ല. അശ്വത്ഥാമാ ഹതഃ പോലെ ആനയെ വിഴുങ്ങുന്ന പ്രസ്താവനകള്‍ ആദ്യം ഉണ്ടാവണം. എങ്കില്‍ സിന്ഡിക്കേറ്റുകാര്ക്കു പകുതിപ്പണി ലാഭമായി.
കേരളരാഷ്ട്രീയത്തില്‍ കണ്ണിറുക്കി കള്ളംപറയുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ദേഹം കണ്ണിറുക്കിയാല്‍ പറയുന്നതു് കള്ളമാണെന്നൂഹിച്ചോണം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ കുറവുതീര്ക്കുന്ന മറ്റൊരു വൃദ്ധനാണു് ആനവിഴുങ്ങി പ്രസ്താവനകളുടെ ആചാര്യന്. ദോഷം പറയരുതല്ലോ. കോളയ്ക്ക് പകരം എന്‍ഡോസള്‍ഫാന്‍ എന്നൊക്കെ അബദ്ധത്തില്‍ പറയുമെങ്കിലും ഇദ്ദേഹം കള്ളം മാത്രമായി പറയില്ല. പകരം പാതിസത്യം മറച്ചുവച്ചേ സംസാരിക്കൂ. കുഞ്ജരത്തെ അമര്ത്തിവച്ചതുപോലെ.
അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ആനവിഴുങ്ങി പ്രസ്താവനയാണു് കഴിഞ്ഞ ദിവസം വിക്കിലീക്ക്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു് മാദ്ധ്യമങ്ങളില്‍ നിറഞ്ഞതു്. യുഎസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ സ്വീകരിച്ച നിലപാടിനെ പരിഹസിച്ചുവിടുകയായിരുന്നു താന്‍ ചെയ്തതെന്നാണു് വിഎസ് പറഞ്ഞതു്. വിജയനും ഐസക്കും കൂട്ടിക്കാഴ്ചകളില് തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവച്ചപ്പോഴാണു് വിഎസ് ഇങ്ങനെ പറഞ്ഞതു്. വിഎസിന്റെ ഫാന്‍ ക്ലബ് ഈ പ്രസ്താവനയെ മുഖവിലയ്ക്കെടുത്തപ്പോള് ചിലരെങ്കിലും അദ്ദേഹം കള്ളംപറയുകയാവും എന്നും നിനച്ചു.
സത്യത്തിന്റെ കണികപോലുമില്ലാതെ സ്വന്തം വീരസ്യം പറയുന്നയാളാണു് വിഎസ് എന്നു് ആരാനും കരുതിയോ? ശാന്തം പാപം! അദ്ദേഹം പറഞ്ഞതു് കള്ളമേയായിരുന്നില്ല. CODEL SPECTER IN SOUTH INDIA: COMMUNISTS, COMPUTERS AND CULTURE എന്ന തലവാചകവുമായി 2007 ജനുവരി 22നു് പെന്റഗണിലേക്കു പറന്ന കേബിളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടു്. ഇറാഖിനെക്കുറിച്ചും കാസ്ട്രോയെക്കുറിച്ചും വിഎസ് യുഎസ് പ്രതിനിധികളോടു പ്രതികരിച്ചതു് 2006 ഡിസംബര്‍ 21നു് തന്നെ സന്ദര്‍ശിച്ച അമേരിക്കന്‍ സെനറ്റര്‍ ആര്‍ലെന്‍ സ്പെക്ടറോടായിരുന്നു. യുഎസ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഹൂപ്പറും സംഘത്തിലുണ്ടായിരുന്നു. പ്രസ്തുത വിക്കിലീക്സ് രേഖ ഇവിടെ വായിക്കാം.
ചുരുക്കത്തില്‍ അച്യുതാനന്ദന് തന്റെ പ്രസ്താവനയില്‍ പറഞ്ഞതു് കള്ളമായിരുന്നില്ല. പക്ഷെ ഇതു മുഴുവന്‍ സത്യവുമാകുന്നുണ്ടോ എന്നാണു് തുടര്‍ന്നു പരിശോധിക്കേണ്ടതു്.
ഈ സംഭവം നടന്ന തീയതി തന്നെ നോക്കുക. 2006 ഡിസംബര്‍ 21നാണു് അമേരിക്കന്‍ സെനറ്ററിന്റെ സംഘത്തോടു മുഖ്യമന്ത്രിയായിരുന്ന വിഎസ് ഇപ്രകാരമൊക്കെ പ്രതികരിക്കുന്നതു്. എന്നാല്‍ ഇപ്പോള്‍ വിവാദമായ കേബിളിന്റെ സമയം കൂടി പരിശോധിക്കുക. 2008 ആഗസ്റ്റ് 29ന് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിന്‍ വിഎസിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയ കാര്യമാണു് ഈ രേഖകള്‍ പറയുന്നതു്. അന്നു് വിവരസാങ്കേതിക മേഖല, ജൈവ സാങ്കേതിക മേഖല, ടൂറിസം തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം സ്വീകരിക്കുന്നതില്‍ സിപിഎമ്മിനുളള താല്പര്യം വിഎസ് തുറന്നു പ്രകടിപ്പിക്കുകയായിരുന്നു.
സ്പെക്ടര്, ഹൂപ്പര്‍ തുടങ്ങിയവരുമായി വിഎസ് നടത്തിയ ചര്‍ച്ചയില്‍ അമേരിക്കന്‍ മൂലധന നിക്ഷേപമായിരുന്നില്ല വിഷയമെന്നു് 2007 ജനുവരിയിലെ കേബിള്‍ വ്യക്തമാക്കുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നേട്ടങ്ങളാണു് വിഎസ് പ്രധാനമായും യുഎസ് സംഘത്തിനു മുന്നില്‍ നിരത്തിയതു്. "ഞങ്ങള്‍ ബുഷിനെ വെറുക്കുന്നു, എന്നാല്‍ ഞങ്ങള്‍ അമേരിക്കയിലെ ജനങ്ങള്ക്കൊപ്പമുണ്ടു്" എന്നു പറഞ്ഞാണു് "തര്ക്കസ്വഭാവമുളള" ചര്‍ച്ച വിഎസ് അവസാനിപ്പിച്ചതെന്നു് വിക്കീലീക്ക്സ് പുറത്തുവിട്ട രേഖ പറയുന്നു.
2008 ആഗസ്റ്റ് 29ന്റെ ചര്‍ച്ച വന്‍വാര്‍ത്താ സംഘത്തിന്റെ അകമ്പടിയോടെ ആയിരുന്നുവെന്ന് 2009 സെപ്തംബര്‍ 5ന്റെ രേഖ വെളിപ്പെടുത്തുന്നുണ്ടു്. വാര്‍ത്താ സംഘത്തിന്റെ മുന്നില്‍ വച്ചാണു് മൂന്നു മേഖലകളില്‍ വിദേശനിക്ഷേപം സ്വീകരിക്കാനുളള സിപിഎമ്മിന്റെ താല്പര്യം വിഎസ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
എന്നാല്‍ വിക്കിലീക്സ് രേഖകളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നപ്പോള്‍ ഇക്കാര്യം വിഎസ് മറച്ചു വച്ചു. 2006ല്‍ നടന്ന സംഭവം പുറത്തു പറയുകയും അതിനുശേഷം അമേരിക്കന്‍ സംഘം തന്നെ കണാന്‍ വന്നിട്ടില്ലെന്നു് കള്ളം പറയുകയും ചെയ്തു.
പ്രസ്താവനയുടെ ഉത്തരഭാഗത്തു് വിഎസ് കൃത്യമായി കള്ളം പറയുകതന്നെയാണു്. ആദ്യ സന്ദര്‍ശനത്തിന്റെ തീയതിയോ വിവരങ്ങളോ കൃത്യമായി വെളിപ്പെടുത്താതിരിക്കുകവഴി അര്‍ദ്ധസത്യത്തിന്റെ തേരിലേറി നടത്തിയ ആനവിഴുങ്ങിപ്രസ്താവനയുടെ അവസാനം താന്‍ പിന്നീടു് യുഎസ് പ്രതിനിധികളെ കണ്ടിട്ടില്ല എന്നു കള്ളംപറയേണ്ട സാഹചര്യമെന്തായിരുന്നു, പ്രിയ വിഎസ്? താന്‍ അവരെ കണ്ടുവെന്നും, സിപിഎമ്മിന്റെ പ്രഖ്യാപിത നയമനുസരിച്ചു്, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനുതകുന്ന വിദേശനിക്ഷേപം സ്വീകരിക്കാന്‍ ആവശ്യമായ ശ്രമം നടത്തിയെന്നും പറഞ്ഞാല്‍ താങ്കളുടെ തിളക്കം കൂടുകയല്ലേ ഉണ്ടായിരുന്നുള്ളൂ? പിന്നെ എന്തിനാണു് അങ്ങു് അങ്ങയുടെ നാവുകൊണ്ടു് ഇങ്ങനെ ആനവിഴുങ്ങിപ്രസ്താവനയിറക്കിയതു്?
ആദ്യത്തെ കൂടിക്കാഴ്ചയില്‍ അങ്ങുപ്രകടിപ്പിച്ച സത്യസന്ധതയുണ്ടല്ലോ, "ഞങ്ങള്‍ ബുഷിനെ വെറുക്കുന്നു, എന്നാല്‍ ഞങ്ങള്‍ അമേരിക്കന്‍ ജനതയോടൊപ്പമുണ്ടു്," എന്ന പ്രഖ്യാപനം... ആ പ്രഖ്യാപനം നടത്താന്‍ മടികാട്ടാതിരുന്ന അങ്ങയുടെ നാവു് പൊന്നായിത്തീരട്ടെ. പക്ഷെ ഇനിയെങ്കിലും, ഇനിയെങ്കിലും, ഇങ്ങനെ അര്‍ദ്ധസത്യ പ്രസ്താവനകള്‍ നടത്തി ആനവിഴുങ്ങിവാര്ത്തകള്ക്കു് സ്രോതസ്സായി നിന്നുകൊടുക്കരുതേ...
വി എസ് അമേരിക്കന്‍ പ്രധിനിധി സംഘത്തെ കണ്ടത് പുതുമയുള്ള കാര്യമല്ല, മുമ്പൊരിക്കല്‍ ഇന്ത്യാവിഷനിലെ പൊളിട്രിക്സ് പരിപാടിയില്‍ ഈ കൂടിക്കാഴ്ച കാണിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു അത്.
മറുപടിഇല്ലാതാക്കൂ