2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

അരുണ്‍കുമാറിന്റെ ഹരജികള്‍ തള്ളി

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു.
അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റീസ് ആന്റണി ഡൊമനിക് തള്ളി. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോകായുക്ത അന്വേഷണം പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനത്തില്‍ അപാകതയില്ലെന്നും ഇതു നിയമപരമാണെന്നും കോടതി പറഞ്ഞു. തനിക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി നിരസിച്ചു. വിജിലന്‍സിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ തനിക്ക് എതിരായ നിലപാടുകള്‍ ഉണ്ടാകുമെന്ന പരാതിയില്‍ കഴമ്പില്ലെന്നും കോടതി പറഞ്ഞു. വിജിലന്‍സ് വകുപ്പിന്റെ ചുമതല ഇപ്പോള്‍ മുഖ്യമന്ത്രിക്കല്ല, ഈ വാദം സ്വീകരിച്ചാല്‍ സംസ്ഥാനത്തെ ഏജന്‍സികള്‍ക്കൊന്നും അരുണ്‍കുമാറിനെതിരെ അന്വേഷണം നടത്താന്‍ കഴിയാതെ വരുമെന്നും കോടതി പറഞ്ഞു.

ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ആയിരിക്കവേ അരുണ്‍കുമാറിനെതിരെ ഉന്നയിക്കപ്പെട്ട അരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി നല്‍കിയ പരാതി ലോകായുക്തയ്ക്ക് വിട്ട മുന്‍സര്‍ക്കാരിന്റെ നടപടി നിയമപരമല്ലെന്നും ലോകായുക്തയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇക്കാരണത്താല്‍ത്തന്നെ ലോകായുക്തയുടെ പരിഗണനയിലുള്ള പരാതി പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമാനുസൃതമാണെന്നും ക്രമപ്രകാരമുള്ളതാണെന്നും കോടതി പറഞ്ഞു. ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്ത സ്ഥാപനമായിരുന്നു ഐ.എച്ച്.ആര്‍.ഡിയെന്നും ഇത് പരിശോധിക്കാതെയാണ് മുന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ലോകായുക്തയെ ചുമതലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ