പിണറായി വിജയന്‍ പറഞ്ഞത് ശരിയാണ്. ഇക്കുറി സി.പി.എം സമ്മേളനങ്ങളില്‍ ഒരുവിധ പ്രത്യയ ശാസ്ത്ര വൈരുധ്യവും പ്രകടമാകില്ല. ഒരു തര്‍ക്കത്തിനും അവിടെ സാധ്യതയില്ല. ഐക്യത്തിന്റെ സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസുമായിരിക്കും സി.പി.എമ്മിന്റെ കൊടിക്കുകീഴില്‍ അരങ്ങേറുക. അഭിപ്രായ ഭിന്നതയുടെ ലാഞ്ഛനക്കു പോലും സാധ്യത ഉണ്ടാകില്ല. ഗ്രൂപ്പിസം ഇല്ലേയില്ല. സഖാക്കള്‍ ഏകോദര സഹോദരങ്ങളെ പ്പോലെ വര്‍ത്തിക്കാനാണിട. ഭിന്നതകളുടെ കാലം കഴിയുകയാണ് സി.പി.എമ്മില്‍.
1964 ലെ പാര്‍ട്ടിയുടെ പിളര്‍പ്പ് പ്രത്യയശാസ്ത്രപരമായ അഭിപ്രായ ഭിന്നതയില്‍ നിന്നുണ്ടായതാണ്. ദേശീയ ബൂര്‍ഷ്വാസിയെ നിര്‍വചിക്കുന്നതില്‍ നിന്നുയര്‍ന്ന തര്‍ക്കമാണ് പാര്‍ട്ടിയെ നെടുകെ പിളര്‍ത്തിയത്. ഈ ഭിന്നതക്കു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ ശക്തമായ കരാള ഹസ്തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചിരുന്നതായി നമ്മുടെ നേതാക്കള്‍ പതിറ്റാണ്ടുകളായി എഴുതിവന്നു. വിപ്ലവം പൂര്‍ത്തീകരിക്കണമെങ്കില്‍ സാമ്രാജ്യത്വവുമായി സന്ധി ചെയ്യരുതെന്ന് ശപഥം ചെയ്തവരാണ് സി.പി.എം പക്ഷത്ത് ഉറച്ചു നിന്നത്. സാമ്രാജ്യത്വമെന്നാല്‍ പാശ്ചാത്യ ശക്തികള്‍. അതിന്റെ നേതൃത്വം അമേരിക്കയില്‍ നിക്ഷിപ്തം. യാങ്കികള്‍ കമ്യൂണിസത്തിന് വര്‍ഗവൈരികള്‍ മാത്രമല്ലായിരുന്നു, ആജന്മശത്രുക്കള്‍ തന്നെയായിരുന്നു. പാര്‍ട്ടി പരിപാടികളിലും നയങ്ങളിലും അമേരിക്ക എന്ന മുഖ്യ ശത്രുവിനെയാണ് തെളിഞ്ഞു കണ്ടത്. അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ അമേരിക്കയുടെ കറുത്ത കരങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ അണികളെ പഠിപ്പിച്ചുവന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഈ കറുത്ത കരങ്ങള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നു എന്ന പേക്കിനാവു കണ്ടവരാണ് മുന്‍കാല നേതാക്കള്‍. അണികളെ അമേരിക്കാ വിരുദ്ധത കൊണ്ടവര്‍ ആവേശം കൊള്ളിച്ചു.
90കളുടെ ആദ്യപാദത്തില്‍ ഈ അമേരിക്കാ വിരുദ്ധതയായിരുന്നു സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രധാന രാഷ്ട്രീയ തുറുപ്പുശീട്ട്. മരണം വരെ ഇ.എം.എസ് നമ്പൂതിരിപ്പാട് അമേരിക്കക്കെതിരെ തൂലിക ചലിപ്പിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ്, ഇ.എം.എസിന്റെ അവസാന കാലത്തായി ജനകീയാസൂത്രണം എത്തുന്നത്. പങ്കാളിത്ത ജനാധിപത്യത്തിനു പിന്നില്‍ ഏഷ്യന്‍ വികസന ബാങ്കും ലോകബാങ്കും അതിന്‍െ എജന്റായി നെതര്‍ലന്‍ഡ്‌സും പ്രവര്‍ത്തിക്കുന്നതായി അന്ന് പ്രചാരണം വന്നുവെങ്കിലും പദ്ധതി ഏറ്റെടുത്തു നടപ്പാക്കാന്‍ എറ്റവും വാശികാട്ടിയത് 1996ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാറായിരുന്നു. തനിക്കു മുന്നില്‍ വന്ന ഏഷ്യന്‍ വികസന ബാങ്ക് പ്രതിനിധികള്‍ക്കുള്ളില്‍ യാങ്കികളെ നായനാര്‍ തിരിച്ചറിയാഞ്ഞതല്ല. കണ്ടില്ലെന്നു നടിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. അഥവാ എ.കെ.ജി സെന്ററില്‍ നിന്നുണ്ടായ വിധി.
വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ഇതാ എല്ലാ മുഖംമൂടികളും ചീന്തുന്നു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോകുന്നതിനെ വിലക്കിയ പാര്‍ട്ടി നേതൃത്വം അമേരിക്കയുടെ നയതന്ത്ര പ്രതിനിധികളെ എ.കെ.ജി സെന്ററില്‍ വിളിച്ചിരുത്തി സല്‍ക്കരിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. മാത്രമല്ല, അമേരിക്കന്‍ പ്രതിനിധികള്‍ കേരളത്തിലെ ഇടതു ഭരണത്തിന്റെ സൂക്ഷ്മ കാര്യങ്ങള്‍ വരെ നേതാക്കളുമായി ചര്‍ച്ച ചെയ്തിരിക്കുന്നു. ഈ വക ചര്‍ച്ചകള്‍ സഖ്യകക്ഷികളുമായി മാത്രം നടത്താറുള്ള അമേരിക്ക സി.പി.എം നേതൃത്വത്തെയും വിശ്വാസത്തിലെടുത്തതായാണ് കരുതേണ്ടത്. എന്തായാലും കൂടിക്കാഴ്ചയെയോ ചര്‍ച്ചയെയോ നിഷേധിക്കാന്‍ നേതൃത്വത്തിനു കഴിയുന്നില്ല. ന്യായീകരിക്കാനേ അവര്‍ക്കാകുന്നുള്ളൂ. വിദേശ നിക്ഷേപം തങ്ങള്‍ക്കും നിഷിദ്ധമല്ലെന്നതാണ് പാര്‍ട്ടിയുടെ ന്യായീകരണം.
പാര്‍ട്ടി സമ്മേളനത്തിനു തുടക്കമായിട്ടും വ്യവസ്ഥാപിതമല്ലാത്ത ഈ നയംമാറ്റം സി.പി.എമ്മിനെ ബാധിക്കുന്നില്ല. ഒരു ദശകത്തിനു മുമ്പ് നാലാം ലോകസിദ്ധാന്തത്തില്‍ ഉലഞ്ഞ് വിഷമിച്ചു കരകയറിയ പാര്‍ട്ടിക്ക് ഇപ്പോള്‍ ഇത്രയൊക്കെ വെളിപ്പെടുത്തലുകള്‍ വന്നിട്ടും ഒരു പ്രശ്‌നവുമില്ലെന്നതില്‍ ആരും അദ്ഭുതം കൂറുന്നതു പോലുമില്ല. കാരണം, അണികളെ ആ വിധത്തിലേക്ക് മാറ്റിയെടുക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞു എന്നതാണ്. സി.പി.എം സമ്മേളനങ്ങളില്‍ ഇതൊന്നും പ്രശ്‌നമേ ആകില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ സാമ്രാജ്യത്വ സഖ്യം ന്യായീകരിക്കപ്പെടുകയേയുള്ളൂ. ഇതിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വര്‍ഗശത്രുക്കളുടെ സൃഷ്ടിയായി വിലയിരുത്തപ്പെടുകയും ചെയ്യും. അണികള്‍ ഈ നയംമാറ്റവുമായി അവരറിയാതെ തന്നെ പൊരുത്തപ്പെട്ടു പോയിരിക്കുന്നു.
സി.പി.എമ്മിന്റെ പോഷക സംഘടനകളില്‍ എന്‍.ജി.ഒ യൂനിയന് ചുവപ്പുകൊടിയാണുള്ളത്. എന്നാല്‍, ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ കൊടി വെള്ളയാണ്. അതിനു കാരണം പറഞ്ഞത്, കമ്യൂണിസത്തോടും അതിന്റെ ചുവപ്പിനോടും അലര്‍ജിയുള്ള ബഹുജനങ്ങളെ കൂടി ആകര്‍ഷിക്കാന്‍ വെള്ളക്കൊടിയാണു നല്ലതെന്നതാണ്. വര്‍ഗ ബഹുജന സംഘടനകളില്‍ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിക്കണമെന്ന സിദ്ധാന്തത്തിന്റെ ഭാഗമായി എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയും ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയും വെള്ളക്കൊടികളാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ കടുത്ത പ്രത്യയശാസ്ത്ര ചട്ടക്കൂടിനു പുറത്തുള്ളവര്‍ കൂടി ഈ സംഘടനകളിലേക്ക് ആകൃഷ്ടരാകണമെന്നതായിരുന്നു ഈ സംഘടനകള്‍ക്ക് ചുവപ്പു വേണ്ടെന്നു തീരുമാനിക്കാന്‍ കാരണം. ഇപ്പോഴിതാ പാര്‍ട്ടിക്കും പ്രത്യയശാസ്ത്ര ശല്യം ഒഴിവാകുന്നു. സാമ്രാജ്യത്വ വരട്ടു തത്ത്വവാദം എന്ന് പണ്ട് പാര്‍ട്ടി ശത്രുക്കള്‍ പറഞ്ഞു നടന്ന പ്രശ്‌നം ഇല്ലാതായിരിക്കുന്നു. ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചുവപ്പ് ജനകീയാസൂത്രണത്തിന്റെ അപ്പോസ്തലന്മാരായ നെതര്‍ലന്‍ഡ്‌സിനു വിട്ടുകൊടുത്ത് പാര്‍ട്ടിക്കും ഒരു വെള്ളക്കൊടി സ്വീകരിക്കാവുന്നതേയുള്ളൂ. കാളപ്പോരിന്റെ നാടായ നെതര്‍ലന്‍ഡ്‌സില്‍ (ഹോളണ്ട്) ചുവപ്പുകൊടിക്ക് ഇപ്പോഴും മാര്‍ക്കറ്റുണ്ട ്.
പൊട്ടാ... കാളപ്പോര് സ്പെയിനിലാണ്
മറുപടിഇല്ലാതാക്കൂ