2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം

അമേരിക്കന്‍ പ്രതിനിധികള്‍ മുമ്പും സി.പി.എമ്മിന് വേണ്ടി കേരളത്തില്‍ വന്നിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്നാണ് വെപ്പ്. അത് കൊണ്ടാണല്ലോ സാമ്രാജ്വത്വത്തിനെതിരെ എന്ന പേരില്‍ സി.പി.എം പ്രവര്‍ത്തകരെയും കുട്ടിസഖാക്കളെയും തെരുവിലിറക്കി ബന്തും ഹര്‍ത്താലും പൊതുമുതല്‍ നശിപ്പിക്കലുമൊക്കെ കേരളത്തില്‍ അരങ്ങേറി കൊണ്ടിരുന്നത്. അമേരിക്കയുമായി ധാരണയില്‍ എത്തിയാല്‍ ഒരു ഭാഗത്ത് സമരവും മറു ഭാഗത്ത് ഭരണവുമാവാം (ലക്ഷ്യസാക്ഷാല്‍ക്കാരം) എന്ന് കരുതിയാവാം 2008 ല്‍ അമേരിക്കന്‍ പ്രതിനിധികളെ കണ്ടത്.
ഇതൊരു പുതിയ സംഭവമല്ല. 2001 ലും അമേരിക്കന്‍ പ്രതിനിധി വന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡോ. തോമസ് എെസക്ക് അമേരിക്കന്‍ ചാരനാണെന്നും സി.പി.എം കോടികള്‍ വിദേശപണം പറ്റുന്നു ണ്ടെന്നും പ്രൊഫ: എം.എന്‍ വിജയന്‍ പറഞ്ഞപ്പോള്‍ സഖാക്കള്‍ കണക്കിലെടുത്തിലെങ്കിലും 2008 ല്‍ എ.കെ.ജി സെന്ററില്‍ വെച്ച് അമേരിക്കന്‍ സംഘം മുന്തിയ സഖാക്കളെ കണ്ടിരുന്നുവെന്ന് വീക്കിലീക്സ് ഇപ്പോ പുറത്ത് വിട്ടത് ശരിയാണെന്ന് അവര്‍ തുറന്ന് പറഞ്ഞത് ഭാഗ്യമായി .
സി.പി.എം ഭരിക്കുമ്പോള്‍ കേരളത്തില്‍ മുതല്‍മുടക്കാന്‍ അമേരിക്കക്കാര്‍ അത്ര മണ്ടന്‍മാരൊന്നുമല്ല. അത് കൊണ്ട് തന്നെ ഇന്‍വെസ്റ്റ്മെന്റ് നടത്താനാണ് അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയത് എന്ന് പിണറായി പറയുന്നതാരും വിശ്വസിക്കില്ല. വിജയന്‍ മാഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കാനേ നിവൃത്തിയുള്ളൂ. കേരളത്തിലെ പത്രമാധ്യമങ്ങള്‍ അമേരിക്കന്‍ സംഘത്തിന്റെ വരവ് മൂടി വെച്ചതിന്റെ രഹസ്യം മനസിലാവുന്നില്ല. സിന്റിക്കേറ്റ് പത്രപ്രവര്‍ത്തനം ആയതു കൊണ്ടാവാം എന്ന് കരുതട്ടെ.
കൊക്കകോള ഒരു പ്രാദേശിക പ്രശ്നമാണെന്ന് സഖാവ് പിണറായി വിജയന്‍ പറഞ്ഞതായും വീക്കിലീക്സ് പറയുന്നു. ജനാരോഗ്യത്തിന് ദോഷം ചെയ്യുന്ന അമേരിക്കന്‍ പാനിയം ആയതു കൊണ്ടല്ല കൊക്കക്കോള കമ്പനിക്ക് എതിരെ സമരം ചെയ്തതെന്ന് സഖാവ് തന്നെ വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ അടിച്ച് പൊളിസമരത്തിന് നേതൃത്വം നല്‍കിയ സഖാക്കള്‍ തെറ്റിധരിച്ച് പോയേനെ. കട്ടന്‍ചായയുടെയും ദിനേശ് ബീഡിയുടെയും പരിപ്പ്വടയുടെയുമെല്ലാം കാലം കഴിഞ്ഞു. ഇനി കൊക്കകോള പോലെയുള്ള പാനീയങ്ങളാണ് രക്ഷയെന്ന് സഖാവിന് അടുത്ത കാലത്താണ് ബോധ്യമായത്. അമേരിക്കയിലെ ജനങ്ങളെയല്ല എതിര്‍ക്കുന്നത് അവരുടെ നയത്തെയാണെന്ന് സഖാവ് പറഞ്ഞത് നന്നായി. അല്ലെങ്കില്‍ സാമ്രാജ്യത്വത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അമേരിക്കയ്ക്ക് എതിരെ നടത്തുന്ന തീപൊരിസമരത്തില്‍ അമേരിക്കയിലെ പാവപ്പെട്ട ജനതയും വെന്ത് ഉരുകിയേനെ. അമേരിക്കയോട് ഒരുതരത്തിലും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വി.എസ് ഇറാഖിനോട് കാണിക്കുന്ന അനീതി പറഞ്ഞ് പരിഹസിച്ചതും നന്നായി. ഏതായാലും ദൈവത്തിന്റെ സ്വന്തം നാട് ഭരിച്ചിരുന്ന വി.എസ്സിന്റെ പരിഹാസം വൈറ്റ് ഹൗസില്‍ വലിയ ചര്‍ച്ചയായിക്കാണും. ബരാക്ക്ഒബാമ വി.എസ്സിന്റെ അഭിപ്രായത്തെ വളരെ ഗൗരവത്തോടെ എടുത്തത് കൊണ്ടാവും 2008 ശേഷം ഇറാഖില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നത്. തോമസ് എെസക്കിന്റെ തന്ത്രപരമായ നീക്കങ്ങള്‍ സി.പി.എമ്മിന്റെ നയങ്ങളെ മാറ്റിമറിച്ചു. ഇക്കാര്യം മുമ്പ് വിജയന്‍ മാഷ് അടക്കമുള്ളവര്‍ വിളിച്ച് പറഞ്ഞപ്പോള്‍ കലിയിളകി ചിലര്‍ക്ക്. ഇപ്പോ വീക്കിലിസിന്റെ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ വിജയന്‍ മാഷിന്റെ ആത്മാവ് ആഹ്ളാദിക്കുന്നുണ്ടാവും. തോമസ്എെസക്കിന്റെയും സി.പി.എം ന്റെയും ഇപ്പോഴത്തെ പോക്ക് മാത്രമല്ല വിജയന്‍ മാഷ് ചൂണ്ടിക്കാട്ടിയത്. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വിദേശഫണ്ട് വാങ്ങിയതിനെതിരെയും തെളിവുകള്‍ കൊണ്ട് വന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശഫണ്ട് വാങ്ങിയത് ശരിയാണെന്ന് എറണാകുളം ജില്ലാകോടതി അംഗീകരിച്ച് വിധി പ്രഖ്യാപിച്ചതുമാണ്.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന് എത്രയോ വര്‍ഷങ്ങളായി അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. 2008 ല്‍ അമേരിക്കന്‍ സംഘം തിരുവന്തപുരം എ.കെ.ജി സെന്ററില്‍ വന്നു എന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെങ്കിലും 2001 ലും അമേരിക്കന്‍ പ്രതിനിധി കേരളത്തില്‍ എത്തിയിരുന്നു. സി.പി.എമ്മിന്റെ രഹസ്യ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍കൈ എടുത്ത് തന്നെയാണ് അവരെ കേരളത്തിലേക്ക് കൊണ്ടുവന്നത്. അന്ന് ഇവിടെ വന്നത് കേരളത്തിലെ നഗരമാലിന്യസംസ്കരണ പദ്ധതിയുമായാണെന്ന് മാത്രം. അമേരിക്കക്കാരിയായ സാന്‍ഡ്രോ കൊയ്ന്‍ട്രൂ ് കേരളത്തിലെത്തി ഗുരുവായൂര്‍ നഗരമാലിന്യസംസ്കരണ പ്ലാന്റ,് തിരുവനന്തപുരം വളപ്പില്‍ശാല മാലിന്യസംസ്കരണ പ്ലാന്റ് എന്നിവ സന്ദര്‍ശിച്ചത്. തിരുവനന്തപുരം സംസ്കരണ ശാലയിലെ മാലിന്യസംസ്കരണ പ്ലാന്റാണ് ഏറ്റവും നല്ലതെന്ന് സര്‍ക്കാര്‍ 2001 ജൂലൈയില്‍ സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തു.സെമിനാര്‍ സര്‍ക്കാറിന്റേതായിരുന്നെങ്കിലും ഇതിന്റെ പിന്നിലെ ബുദ്ധി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെതായിരുന്നു. കൃത്രിമ ബാക്ടീരിയയും കെമിക്കലും ഉപയോഗിച്ച് മാലിന്യ സംസ്കരണപദ്ധതി നടപ്പാക്കാന്‍ പാടില്ലെന്ന് ശാസ്ത്രവിധിയും നിയമവും ഉണ്ടായിട്ട് പോലും വളപ്പില്‍ശാല യിലെ പദ്ധതിയാണ് ലോകത്ത് ഏറ്റവും വലിയതെന്ന് കേരള സര്‍ക്കാര്‍ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സെമിനാറില്‍ പ്രഖ്യാപിച്ചു. ശാസ്ത്ര സാഹിത്യ പരിക്ഷ ത്തിന്റെ പ്രസിഡന്റ് ഡോ.ആര്‍.വി.ജി.മേനോന്റെ സാന്നിധ്യവും സെമിനാറില്‍ ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ ന്റെ പ്ലാനോടെ ശാസ്ത്ര സാഹിത്യപരിഷത്ത് തന്നെയാണ് അശാസ്ത്രീയ പദ്ധതിയായ വളപ്പില്‍ശാല മികച്ചതെന്ന് പറയിപ്പിച്ചത്. തിരുവനന്തപുരം വളപ്പില്‍ശാല മാലിന്യസംസ്കരണ പ്ലാന്റ് കൃത്രിമ ബാക്ടീരിയ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്.
ഒരു ബാക്ടീരിയയുടെ ഗുണവും സ്വഭാവവും പ്രവര്‍ത്തിയും കൃത്യമായി അറിയണമെങ്കില്‍ 20 വര്‍ഷത്തെ ഗവേഷണ നിരീക്ഷണം വേണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നിട്ടും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര വിഭാഗം എെ.ആര്‍.ടി.സി കൃത്രിമ ബാക്ടീരിയെ ഉപയോഗിച്ച് നടത്തുന്ന തിരുവനന്തപുരം പദ്ധതി നടപ്പാക്കാന്‍ വേണ്ടി വളപ്പില്‍ശാല മോഡല്‍ പദ്ധതി കേരളത്തില്‍ പ്രചരിപ്പിക്കുകയാണ് എെ.ആര്‍.ടി.സി ചെയ്യുന്നത്. സര്‍ക്കാര്‍ കേരള ശുചിത്വമിഷനെ ഏല്‍പ്പിക്കുന്ന പദ്ധതികള്‍ മുഴുവനും എെ.ആര്‍.ടി.സി സിപിഎം ന്റെ ഒത്താശയോടെ ചെയ്യുകയാണ് ഇത്ര നാളുകളും ഉണ്ടായത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ കേരളശുചിത്വ മിഷന്റെ ഡയറക്ടര്‍ യു.ഡി.എഫിന് താല്‍പര്യമുള്ളവരായിരിക്കാം എന്നാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എെ.ആര്‍.ടി.സി യുടെ പ്രതിനിധികള്‍ തന്നെയാണ് ശുചിത്വ മിഷന്റെ മറ്റ് കീ പോസ്റ്റുകളില്‍ ഇരിക്കുന്നത് അത് കൊണ്ട് തന്നെ ആരു ഭരിച്ചാലും സി.പി.എമ്മിന്റെ ലക്ഷ്യം നടപ്പാക്കാന്‍ ഇവിടെ ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന കയ്യാളുകള്‍ തയ്യാറാണ്. അത് കൊണ്ട് തന്നെയാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലം കൊണ്ട് 350 കോടിയിലധികം ചെലവ് ചെയ്തുവെങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാഞ്ഞത്.
എം.എന്‍.വിജയന്‍ മാഷ് ആരോപിച്ചത് പോലെ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ കോടികളുടെ തിരിമറി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയതായി വ്യക്ത മാവുകയാണ്.നമ്മുടെ രാജ്യത്തെ ഒറ്റികൊടുക്കുന്ന ചാരനാണ് ഡോ. തോമസ് എെസക്ക് എന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നു.തോമസ് എെസക്കിനെ പിന്‍പറ്റി തന്നെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് മാലിന്യ സംസ്കരണ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഇത് കൊണ്ട് ഫലപുഷ്ടിയായ നമ്മുടെ മണ്ണിനെ നശിപ്പിക്കാന്‍ കരുതി ഇറങ്ങിയിരിക്കുന്ന അമേരിക്ക അടക്കമുള്ള വിദേശരാജ്യക്കാര്‍ക്ക് ആവശ്യമായത് ചെയ്ത് കൊടുത്ത് ഏജന്റ് പണിയെടുത്ത് കോടികള്‍ തട്ടുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലക്ഷ്യം. അതല്ലെങ്കില്‍ മേത്തല, ചാലക്കുടി, പാലക്കാട് തുടങ്ങി കേരളത്തിലെ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എെ.ആര്‍.ടി.സി നേരിട്ട് നടപ്പാക്കുന്ന കൃത്രിമ ബാക്ടീരിയ ഉപയോഗിച്ച് കൊണ്ടുള്ള അശാസ്ത്രീയ മാലിന്യ സംസ്കരണ പദ്ധതിക്ക് കൃത്രിമ ബാക്ടീരീയ എവിടെ നിന്ന് പരിഷത്തിന് ലഭിക്കുന്നു എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ പ്ലാനിംഗ്് പ്രവര്‍ത്തനം തന്നെയാണ് തോമസ് എെസക്കിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. കേരളീയര്‍ ഇത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങും എന്തിനെയെല്ലാം എതിര്‍ത്തിട്ടുണ്ടോ പിന്നീട് അതിന്റെയെല്ലാം വക്താക്കളായി പ്രവര്‍ത്തിക്കുന്നവരാണ് സി.പി.എം. എന്ന് കേരളീയര്‍ക്ക് അറിയാം. കമ്പ്യൂട്ടര്‍ വന്ന കാലത്തും, കൃഷിക്ക് ട്രാക്ടര്‍ വന്നപ്പോഴും, സ്മാര്‍ട്ട് സിറ്റിയും, നെടുമ്പാശ്ശേരി വിമാനത്താവളവും, സ്വാശ്രയ വിദ്യാഭ്യാസരംഗവും, എക്സ്പ്രസ്സ് ഹൈവേയും തുടങ്ങി ഏതൊരു വികസന പ്രവര്‍ത്തനങ്ങളെയും ആദ്യം എതിര്‍ക്കുകയും പിന്നീട് സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണവര്‍. നാടിന്റെ വികസനമാവണം നമ്മുടെ ലക്ഷ്യം. പ്രവര്‍ത്തനങ്ങളാണ് ആവശ്യം. രാഷ്ട്രീയം പറഞ്ഞ് കോളിളക്കം സൃഷ്ടിച്ച് മുതലെടുക്കുന്നവരുടെ മുഖംമൂടി പിച്ചിച്ചീന്തണം. ബംഗാളിലെ പോലെ കേരളത്തിലും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയത് നല്ല ലക്ഷണമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ