2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

പ്രതിപക്ഷ ആരോപണം പൊള്ളയെന്ന് വീഡിയോ ദൃശ്യം; മാധ്യമങ്ങളെ ഒഴിവാക്കിയത് ഇടതുനേതാക്കള്‍

നിയമസഭയില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്ക് നേരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം നടത്തിയെന്ന പ്രതിപക്ഷ ആരോപണം നുണയാണെന്ന് വീഡിയോ ദൃശ്യത്തില്‍ തെളിഞ്ഞു. കെ.കെ ലതികയെയും ടി.വി രാജേഷിനെയും വാച്ച് ആന്റ് വാര്‍ഡ് മര്‍ദ്ദിച്ചുവെന്നാണ് ഇന്നലെ രാവിലെ നിയമസഭാ മീഡിയാ റൂമില്‍
നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപണം ഉന്നയിച്ചത്. മൂക്കില്‍ വാച്ചര്‍മാര്‍ ഇടിച്ചുവെന്നും വയറ്റില്‍ കുത്തിയെന്നുമാണ് കെ.കെ ലതിക പറഞ്ഞത്. കയ്യിലിരുന്ന വാക്കിടോക്കി ഉപയോഗിച്ച് വാച്ച് ആന്റ് വാര്‍ഡ് തന്റെ ഇടതുകൈയ്യില്‍ ആഞ്ഞിടിച്ചുവെന്ന് രാജേഷും ആരോപിച്ചിരുന്നു. എന്നാല്‍ സ്പീക്കറുടെ ചെയറിലേക്ക് ടി.വി രാജേഷും ജെയിംസ് മാത്യുവും പാഞ്ഞടുക്കുന്ന വേളയിലും അതിന് ശേഷം ബഹളമുണ്ടായപ്പോഴും കെ.കെ ലതിക ആ പരിസരത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. രാജേഷിനെ വാച്ച് ആന്റ് വാര്‍ഡ് ആക്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലില്ല.
ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെ സ്പീക്കറുടെ നേതൃത്വത്തിലാണ് വീഡിയോ പരിശോധന നടന്നത്. ഭരണപക്ഷത്ത് നിന്ന് മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളായ മന്ത്രിമാരും പ്രതിപക്ഷത്ത് നിന്ന് കോടിയേരിയുടെ നേതൃത്വത്തിലുള്ള സംഘവും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വേളയില്‍ സന്നിഹിതരായിരുന്നു. അതേസമയം മാധ്യമ പ്രവര്‍ത്തകരെക്കൂടി വീഡിയോ ദൃശ്യം പരിശോധിക്കുമ്പോള്‍ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിനോട് യോജിച്ചില്ല. പിന്നീട് മാധ്യമങ്ങളെ ഒഴിവാക്കിയാണ് പരിശോധന നടത്തിയത്.

സംഭവത്തിന്റെ വിദൂര ദൃശ്യങ്ങളാണ് വീഡിയോയില്‍ തെളിഞ്ഞിരുന്നത്. മുദ്രാവാക്യം വിളിയുമായി നടുത്തളത്തില്‍ നിന്ന പ്രതിപക്ഷ നിരയില്‍ നിന്ന് ടി.വി രാജേഷും ജെയിംസ് മാത്യുവും പിറകിലേക്ക് നീങ്ങുന്നതും കോടിയേരിക്ക് അടുത്തെത്തി സംസാരിക്കുന്നതും പിന്നീട് സ്പീക്കറുടെ ചെയറിന് നേരെ പാഞ്ഞടുക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ആദ്യം മുന്‍നിരയില്‍ നിന്ന വനിതാ വാച്ച് ആന്റ് വാര്‍ഡ് വി.എസ് രജനികുമാരി പിന്നീട് പുറകിലത്തെ നിരയിലേക്ക് വീഴുന്നതും പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പരിശോധനക്ക് ശേഷം പുറത്തുവന്ന ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം കയ്യേറ്റം വ്യക്തമായി കാണുന്നില്ലെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ചാടിയടുക്കുന്നതും പിന്നീട് പിറകിലത്തെ നിരയിലേക്ക് ജീവനക്കാരി വീഴുന്നതും കാണുമ്പോള്‍ എന്താണ് നടന്നതെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ കാണിക്കണമെന്നും ജനങ്ങള്‍ തന്നെ എന്തു നടന്നുവെന്ന് വിലയിരുത്തട്ടെയെന്നും ജോര്‍ജ് പറഞ്ഞു. വീഡിയോ പരിശോധനയ്ക്ക് ശേഷം സഭാ നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ എട്ടിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനം എടുക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

സഭയ്ക്കകത്തും പുറത്തും വില്ലന്‍; പൊട്ടിക്കരച്ചിലോടെ നാടകാന്ത്യം

നിയമസഭയ്ക്കുള്ളില്‍ രാവിലെ ഉശിരു കാട്ടിയ ടി.വി രാജേഷിന്റെ വൈകുന്നേരത്തെ പൊട്ടിക്കരച്ചിലോടെ പ്രതിപക്ഷ നാടകത്തിന് അന്ത്യമായി.
ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത സംഭവങ്ങള്‍ക്ക് നിയമസഭ സാക്ഷ്യം വഹിച്ചപ്പോള്‍ പ്രതിപക്ഷം തയ്യാറാക്കിയ തിരക്കഥയിലെ നായകന്‍ ടി.വി രാജേഷായിരുന്നു. ശൂന്യവേളയില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് കോടിയേരി രംഗത്തുവന്നതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. നടുത്തളത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചും പിന്നീട് സ്പീക്കറുടെ ചെയറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചും ടി.വി രാജേഷ് ഉശിര് തെളിയിച്ചു. പക്ഷെ പിന്നീടുണ്ടായ സംഭവങ്ങള്‍ പ്രതിപക്ഷത്തിന് അപമാനകരമായ ഇമേജാണുണ്ടാക്കിയത്. ബഹളം കയ്യേറ്റത്തിലേക്ക് വഴിമാറിയതോടെ വനിതാ വാച്ച് ആന്റ് വാര്‍ഡിന്റെ തലയിലിരുന്ന തൊപ്പി തെറിക്കുന്നതും അവര്‍ പിറകിലേക്ക് വീഴുന്നതും കണ്ടു. സംഭവം ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ യുവനിര മുന്‍നിരയിലേക്ക് വന്നപ്പോള്‍ പ്രശ്‌നം കൈവിട്ടുപോകുന്നത് പ്രതിപക്ഷം തിരിച്ചറിഞ്ഞു. സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷാംഗങ്ങള്‍ പുറത്ത് പോവുകയും ചെയ്തു. ഇതിനിടെ ടി.വി രാജേഷിനും ജെയിംസ് മാത്യുവിനുമെതിരെ നടപടി വേണമെന്ന ആവശ്യം ഭരണപക്ഷത്ത് നിന്ന് ഉയര്‍ന്നുകഴിഞ്ഞിരുന്നു. അല്‍പ്പനേരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയ ടി.വി രാജേഷും കെ.കെ ലതികയും തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് വിലപിച്ചു.

വാക്കി ടോക്കി കൊണ്ടുള്ള 'അടിയേറ്റ' ഇടതുകൈ ഉയര്‍ത്തിക്കാട്ടി രാജേഷ്. കെ.കെ ലതികയാകട്ടെ, വയറ്റിലും മൂക്കിലും 'അടി'യേറ്റതിന്റെ വിവരണങ്ങളും നിരത്തി. എം.എല്‍.എമാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്ന നിയമസഭാ സമ്മേളനത്തില്‍ മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗം കെ. ശിവദാസന്‍ നായര്‍ നടത്തിയ പരാമര്‍ശം സ്ത്രീ സമൂഹത്തിന് അപമാനകരമാണെന്ന പേരില്‍ സഭയിലും പുറത്തും കോലാഹലമുണ്ടാക്കിയ ലതികയും ഇ.എസ് ബിജിമോളും ഇപ്പോള്‍ ഒരു വനിതാ ജീവനക്കാരിക്ക് നേരെ കയ്യേറ്റമുണ്ടായതിനെ ന്യായീകരിക്കുന്നത് എന്തിനെന്നും ചോദ്യങ്ങളുയര്‍ന്നു. വൈകുന്നേരം വീഡിയോ ദൃശ്യത്തിന്റെ പരിശോധന കഴിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് രാജേഷ് 'പൊട്ടിക്കരഞ്ഞ'ത്. രാജേഷ് 'കരയുമ്പോള്‍' കൂടെയുണ്ടായിരുന്ന നേതാക്കളില്‍ പലരുടെയും മുഖത്തുണ്ടായിരുന്ന നിറഞ്ഞ ചിരി സന്ദര്‍ഭത്തിന്റെ ഗൗരവം കുറച്ചു. വനിതാ ജീവനക്കാരിയെ താന്‍ അപമാനിച്ചുവെന്ന ആരോപണത്തിന്റെ ആഘാതത്തിലാണ് രാജേഷ് പൊട്ടിക്കരഞ്ഞത്.

സഭയ്ക്ക് അകത്തുമാത്രമല്ല, പുറത്തും രാജേഷിന്റെ പരാക്രമങ്ങള്‍ ചര്‍ച്ചാ വിഷയമാണ്. ദേശീയപാതയില്‍ ഡ്യൂട്ടി നിര്‍വഹിച്ചു കൊണ്ടിരുന്ന ഹൈവേ പൊലീസ് സംഘത്തിലെ എസ്.ഐയെ മര്‍ദ്ദിക്കുകയും വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ടി.വി രാജേഷിനെതിരെ പരാതി ഉയര്‍ന്നത് ഈ സഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിലാണ്. വെഞ്ഞാറമൂടിന് സമീപത്ത് വാഹന പരിശോധന നടത്തുമ്പോള്‍ എം.എല്‍.എ സഞ്ചരിച്ച സ്വകാര്യ കാര്‍ ആളറിയാതെ തടഞ്ഞുവെച്ചതിന്റെ പേരിലായിരുന്നു പരാക്രമം. എം.എല്‍.എയെ തടഞ്ഞുവെയ്ക്കാന്‍ മാത്രമായോയെന്ന് ചോദിച്ചായിരുന്നത്രെ മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതും മുഖമടച്ച് അടികിട്ടിയ എസ്.ഐ താഴെ വീഴുന്നതും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വനിതാ പൊലീസിനെ എം.എല്‍.എയും ഡ്രൈവറും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏറെനേരത്തെ വാക്കേറ്റത്തിന് ശേഷമാണ് അന്ന് എം.എല്‍.എ കാറില്‍ മടങ്ങിയത്.

കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായം; അപമാനകരം

നിയമസഭാ ചരിത്രത്തില്‍ കറുത്ത അധ്യായം എഴുതിച്ചേര്‍ത്ത് ഇന്നലെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ അഴിഞ്ഞാടി.
വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്ത പ്രതിപക്ഷാംഗങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി സഭയിലും ആവര്‍ത്തിച്ചു. പ്രതിപക്ഷാംഗങ്ങളായ ടി.വി രാജേഷും, ജയിംസ് മാത്യുവും ഉള്‍പ്പടെയുള്ളവരുടെ അക്രമത്തില്‍ പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡ് വി.എസ് രജനികുമാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുത്തളത്തില്‍ നടത്തിയ ബഹളത്തിനിടെ തലക്ക് അടിയേറ്റതിന്റെ ആഘാതത്തില്‍ രജനി പിറകിലേക്ക് മറിഞ്ഞുവീണു. പുരുഷ വാച്ച് ആന്റ് വാര്‍ഡ് അഭിലാഷിന് നേരെയും കയ്യേറ്റമുണ്ടായി. സ്ത്രീത്വത്തെ അപമാനിച്ച ടി.വി രാജേഷിനും ജയിംസ് മാത്യുവിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങളും കയ്യേറ്റത്തിന് ഇരയായ വനിതാ വാച്ച് ആന്റ് വാര്‍ഡുമാരായ രജനികുമാരി, അഭിലാഷ് എന്നിവരും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാച്ച് ആന്റ് വാര്‍ഡ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ടി.വി രാജേഷ്, കെ.കെ ലതിക, ജയിംസ് മാത്യു എന്നിവരും പരാതി നല്‍കി. അതേസമയം പിന്നീട് നടന്ന വീഡിയോ ദൃശ്യങ്ങളില്‍ സംഭവം നടക്കുന്ന സമയത്ത് കെ.കെ ലതിക അവിടെയുണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. ഒരുകാലത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് സഭയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കോഴിക്കോട് വെടിവെയ്പ്പിനെ കുറിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തെ തുടര്‍ന്നാണ് നിയമസഭ ജനാധിപത്യ മര്യാദകളുടെ സര്‍വ സീമകളും ലംഘിക്കുന്ന അനിഷ്ട രംഗങ്ങള്‍ക്ക് വേദിയായത്. സ്പീക്കറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും സഭയുടെ സുരക്ഷാ ചുമതല കൈകാര്യം ചെയ്യുന്ന വനിതാ വാച്ച് ആന്റ് വാര്‍ഡിന് നേരെയുള്ള കയ്യേറ്റവും സഭയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ക്രമപ്രശ്‌നം ഉന്നയിച്ച കോടിയേരി ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും വെടിവെയ്പ്പിനുത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍, പൊലീസ് അല്ലാത്ത ഒരു ഉദ്യോസ്ഥനെ കൊണ്ട് സംഭവം വീണ്ടും അന്വേഷിക്കണമെന്ന നിലപാടിലാണ് എത്തിയിരിക്കുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോഴിക്കോട്ടെത്തി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളുടെയും ഉത്തരവാദിത്തം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നു. ഇതിനിടെ വാച്ച് ആന്റ് വാര്‍ഡ് സ്പീക്കര്‍ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. അനൗദ്യോഗികാംഗങ്ങളുടെ ദിനമായതിനാലും മറ്റ് പ്രധാന വിഷയങ്ങളുള്ളതിനാലും അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കറുടെ അഭ്യര്‍ഥന തള്ളിയ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്പീക്കര്‍ മറ്റ് നടപടികളേക്കും കടന്നു. എന്നാല്‍ ടി.വി രാജേഷ് സ്പീക്കറുടെ വേദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത് വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്റ് വാര്‍ഡിന് നേരെ പ്രകോപനപരമായി കയര്‍ക്കുകയും കയ്യേറ്റത്തിനും മുതിരുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളലിലുമാണ് വനിതാ ഉദ്യോഗസ്ഥക്ക് ക്ഷതമേറ്റത്. ഈ സമയമത്രയും തികഞ്ഞ സംയമനം പാലിച്ച് നില്‍ക്കുകയായിരുന്നു വാച്ച് ആന്റ് വാര്‍ഡ്.വനിതാ സുരക്ഷാ ജീവനക്കാരിക്ക് നേരെ അക്രമം നടത്തുന്ന വേളയില്‍ അതുചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, വി.ടി ബല്‍റാം എന്നിവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുന്‍നിരയിലെത്തി. എന്നാല്‍ ഇവര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങുന്നത് മുഖ്യമന്ത്രിയും ബെന്നി ബെഹനാനും ചേര്‍ന്ന് തടഞ്ഞു. ഇരുപക്ഷത്തും മുദ്രാവാക്യം വിളികള്‍ മുഴങ്ങിയതോടെ സഭ കൂടുതല്‍ പ്രക്ഷുബ്ധമായി. അതേസമയം പ്രശ്‌നം വഷളാകുന്നത് കണ്ട് ടി.വി രാജേഷ് അടക്കമുള്ള അംഗങ്ങള്‍ പതുക്കെ നടുത്തളത്തില്‍ നിന്ന് വിട്ടുമാറി സീറ്റിനടുത്തേക്ക് വന്നു. ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ പിരിച്ചു വിട്ടു. സഭ പിരിഞ്ഞ ശേഷം, ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും കോഴിക്കോട് വെടിവെപ്പിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സഭാകവാടത്തിലേക്ക് പ്രകടനം നടത്തി.

പിന്നീടാണ് പ്രതിപക്ഷം തന്നെ കയ്യേറ്റം ചെയ്തതായി ചൂണ്ടിക്കാട്ടി രജനിയും സഹപ്രവര്‍ത്തകനായ അഭിലാഷും സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ വാച്ച് ആന്റ് വാര്‍ഡ് തങ്ങളെ കയ്യേറ്റം ചെയ്തു എന്ന് ആരോപണമുയര്‍ത്തി ടി.വി. രാജേഷും കെ.കെ ലതികയും സ്പീക്കര്‍ക്ക് പരാതി നല്‍കി. വനിതാ ഉദ്യോഗസ്ഥയെ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അവര്‍ കരഞ്ഞ് കൊണ്ട് പിന്‍മാറുകയായിരുന്നുവെന്നും മന്ത്രി കെ.സി.ജോസഫും ചീഫ് വിപ്പ് പി.സി ജോര്‍ജും പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ അന്വേഷണം നടത്തണമെന്ന് കെ.സി ജോസഫും പി.സി ജോര്‍ജ്ജും ആവശ്യപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ ഇന്നവരെ ഉണ്ടായിട്ടില്ലാത്ത നീചമായ സംഭവമാണിതെന്നും പറഞ്ഞു.