നിയമസഭയില്‍ ഇടതുപക്ഷ അംഗങ്ങള്‍ക്ക് നേരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം നടത്തിയെന്ന പ്രതിപക്ഷ ആരോപണം നുണയാണെന്ന് വീഡിയോ ദൃശ്യത്തില്‍ തെളിഞ്ഞു. കെ.കെ ലതികയെയും ടി.വി രാജേഷിനെയും വാച്ച് ആന്റ് വാര്‍ഡ് മര്‍ദ്ദിച്ചുവെന്നാണ് ഇന്നലെ രാവിലെ നിയമസഭാ മീഡിയാ റൂമില്‍
നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപണം ഉന്നയിച്ചത്. മൂക്കില്‍ വാച്ചര്‍മാര്‍ ഇടിച്ചുവെന്നും വയറ്റില്‍ കുത്തിയെന്നുമാണ് കെ.കെ ലതിക പറഞ്ഞത്. കയ്യിലിരുന്ന വാക്കിടോക്കി ഉപയോഗിച്ച് വാച്ച് ആന്റ് വാര്‍ഡ് തന്റെ ഇടതുകൈയ്യില്‍ ആഞ്ഞിടിച്ചുവെന്ന് രാജേഷും ആരോപിച്ചിരുന്നു. എന്നാല്‍ സ്പീക്കറുടെ ചെയറിലേക്ക് ടി.വി രാജേഷും ജെയിംസ് മാത്യുവും പാഞ്ഞടുക്കുന്ന വേളയിലും അതിന് ശേഷം ബഹളമുണ്ടായപ്പോഴും കെ.കെ ലതിക ആ പരിസരത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. രാജേഷിനെ വാച്ച് ആന്റ് വാര്‍ഡ് ആക്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലില്ല.
ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെ സ്പീക്കറുടെ നേതൃത്വത്തിലാണ് വീഡിയോ പരിശോധന നടന്നത്. ഭരണപക്ഷത്ത് നിന്ന് മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളായ മന്ത്രിമാരും പ്രതിപക്ഷത്ത് നിന്ന് കോടിയേരിയുടെ നേതൃത്വത്തിലുള്ള സംഘവും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വേളയില്‍ സന്നിഹിതരായിരുന്നു. അതേസമയം മാധ്യമ പ്രവര്‍ത്തകരെക്കൂടി വീഡിയോ ദൃശ്യം പരിശോധിക്കുമ്പോള്‍ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിനോട് യോജിച്ചില്ല. പിന്നീട് മാധ്യമങ്ങളെ ഒഴിവാക്കിയാണ് പരിശോധന നടത്തിയത്.
സംഭവത്തിന്റെ വിദൂര ദൃശ്യങ്ങളാണ് വീഡിയോയില്‍ തെളിഞ്ഞിരുന്നത്. മുദ്രാവാക്യം വിളിയുമായി നടുത്തളത്തില്‍ നിന്ന പ്രതിപക്ഷ നിരയില്‍ നിന്ന് ടി.വി രാജേഷും ജെയിംസ് മാത്യുവും പിറകിലേക്ക് നീങ്ങുന്നതും കോടിയേരിക്ക് അടുത്തെത്തി സംസാരിക്കുന്നതും പിന്നീട് സ്പീക്കറുടെ ചെയറിന് നേരെ പാഞ്ഞടുക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ആദ്യം മുന്‍നിരയില്‍ നിന്ന വനിതാ വാച്ച് ആന്റ് വാര്‍ഡ് വി.എസ് രജനികുമാരി പിന്നീട് പുറകിലത്തെ നിരയിലേക്ക് വീഴുന്നതും പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പരിശോധനക്ക് ശേഷം പുറത്തുവന്ന ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം കയ്യേറ്റം വ്യക്തമായി കാണുന്നില്ലെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ചാടിയടുക്കുന്നതും പിന്നീട് പിറകിലത്തെ നിരയിലേക്ക് ജീവനക്കാരി വീഴുന്നതും കാണുമ്പോള്‍ എന്താണ് നടന്നതെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ കാണിക്കണമെന്നും ജനങ്ങള്‍ തന്നെ എന്തു നടന്നുവെന്ന് വിലയിരുത്തട്ടെയെന്നും ജോര്‍ജ് പറഞ്ഞു. വീഡിയോ പരിശോധനയ്ക്ക് ശേഷം സഭാ നേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ എട്ടിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനം എടുക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ