2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

ഹര്‍ത്താല്‍ ഭാഗികം

കഴിഞ്ഞദിവസത്തെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തലസ്ഥാനജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ളവക്ക് നേരെ വ്യാപകമായ കല്ളേറുമുണ്ടായി. 19 കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. പാറശാലയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസിന് നേരെയും കല്ളേറുണ്ടായി. അഞ്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു.
ചിലയിടങ്ങളില്‍ റോഡുകള്‍ ഉപരോധിച്ചു. സമരാനുകൂലികള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കെ.എസ്.ആര്‍.ടി.സി രാവിലെ മുതല്‍ സര്‍വീസ് നടത്തിയെങ്കിലും പലയിടത്തും ബസുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടക്ക് നിര്‍ത്തിവെച്ചു. വെഞ്ഞാറമൂട്, വര്‍ക്കല, കൊച്ചുള്ളൂര്‍, കുലശേഖരം, മാങ്കുഴി, പ്ളാവോട്, പുലയനാര്‍കോട്ട, ശ്രീകാര്യം, പാപ്പനംകോട്, മൊട്ടമൂട്, അമ്പലംമുക്ക് എന്നിവിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ളേറുണ്ടായി. കൊച്ചുള്ളൂരില്‍ രാവിലെ ശ്രീകാര്യം സ്വദേശി അമല്‍ എന്ന പതിനാറുകാരന് കല്ളേറില്‍ പരിക്കേറ്റു. പുരികത്തിനും മൂക്കിനുമിടയില്‍ പരിക്കേറ്റ അമലിനെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് വയ്യേറ്റില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ളേറില്‍ പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്‍െറ കണ്ണാടി പൂര്‍ണമായും തകര്‍ന്നു. വിഴിഞ്ഞം, വികാസ്ഭവന്‍, പാപ്പനംകോട് ഡിപ്പോകളിലെ ഡ്രൈവര്‍മാര്‍ക്കും കല്ളേറില്‍ പരിക്കേറ്റിട്ടുണ്ട്. മൊട്ടമൂടില്‍ വെച്ച് ബസിന് നേരെയുണ്ടായ കല്ളേറില്‍ കണ്ടക്ടര്‍ക്കും പരിക്കേറ്റു. വര്‍ക്കല മൈതാനത്തിന് സമീപം രാവിലെ ഒമ്പത് മണിയോടെ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ളേറുണ്ടായി. വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപത്തെുള്ള എസ്.ബി.ഐ ഓഫീസിലേക്ക് സമരാനുകൂലികള്‍ തള്ളിക്കയറിയത് അല്‍പസമയം സംഘര്‍ഷം സൃഷ്ടിച്ചു. ആറ്റിങ്ങല്‍ തോന്നയ്ക്കലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ കല്ളെറിഞ്ഞു.
ഹര്‍ത്താല്‍ മൂലം 1.75 കോടി രൂപയുടെ കളക്ഷന്‍ നഷ്ടമുണ്ടായതായാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. കല്ളേറ് മൂലം 1.12 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായിട്ടുണ്ട്. ദീര്‍ഘദൂരസര്‍വീസുകള്‍ ഉള്‍പ്പെടെ 553 സര്‍വീസുകള്‍ നടത്തിയെങ്കിലും പലതും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
ഹര്‍ത്താലിനോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ ബലം പ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പേയാട് കെ.എസ്.ഇ.ബി ഓഫീസിന് നേരെ അക്രമമുണ്ടായി. ലൈന്‍മാന്‍ സോമശേഖരന്‍നായരെ സമരാനുകൂലികള്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. കഴക്കൂട്ടത്ത് ഹോട്ടലിന് നേരെയും കല്ളേറുണ്ടായി.
ചിലയിടങ്ങളില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചത് ജനങ്ങളെ വലച്ചു. ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകള്‍ അടഞ്ഞുകിടന്നത് ഹര്‍ത്താല്‍ അറിയാതെ എത്തിയവരെ ബാധിച്ചത്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ ബാധിച്ചു.
എല്‍.ഡി.എഫ് നേതൃത്വത്തില്‍ രാവിലെ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടന്ന മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളുള്‍പ്പടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ