അമേരിക്കല്‍ നയതന്ത്രപ്രതിനിധികള്‍ സി.പി.എം. നേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെന്ന വീക്കി ലീക്‌സ് റിപ്പോര്‍ട്ടിനെ വരാനിരിക്കുന്ന പാര്‍ട്ടിസമ്മേളനങ്ങളുമായി ആരും ബന്ധപ്പെടുത്തേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും പുകിലുണ്ടാവും എന്നു കരുതുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് നല്ലത്- പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ തങ്ങളെ കാണാന്‍ വന്നിരുന്നു. വിവിധ വിഷയങ്ങള്‍ സംസാരിച്ചിരുന്നു. തോമസ് ഐസക്, വി.എസ്. അച്യുതാനന്ദന്‍, എം.എ. ബേബി എന്നിവരുമായി വെവ്വേറെയാണ് ചര്‍ച്ചനടത്തിയത്. ഇക്കാര്യം പാര്‍ട്ടിയോഗങ്ങളില്‍ ചര്‍ച്ചചെയ്തിട്ടില്ല. അതിനുമാത്രം പ്രാധാന്യം അതിനില്ല, അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തങ്ങളില്‍ ചില നേതാക്കളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഇതൊരിക്കലും ഒരു അജന്‍ഡ വെച്ചുള്ള കൂടിക്കാഴ്ചയുമായിരുന്നില്ല. അവരുടെ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് സംസാരം കടന്നു. ലക്ഷക്കണക്കിനാള്‍ക്കാരെ കൊല്ലുന്ന അമേരിക്കന്‍ നയത്തെക്കുറിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞു. അമേരിക്കന്‍ വ്യവസായങ്ങളെ നിങ്ങള്‍ എതിര്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞപ്പോള്‍ വ്യവസായങ്ങളെയല്ല, നയങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് മറുപടി പറഞ്ഞു. കൊക്കകോള കമ്പനിയെ എതിര്‍ക്കുന്നതിനെക്കുറിച്ച് അവര്‍ ചോദിച്ചു. അപ്പോള്‍ കമ്പനിയുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നത്തെക്കുറിച്ചും ജലചൂഷണത്തെക്കുറിച്ചും പറഞ്ഞു. ഞങ്ങള്‍ കമ്പനിക്കെതിരല്ല, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍തന്നെ പരിഹാരം കാണണം എന്നാണ് താന്‍ പറഞ്ഞത് -പിണറായി വിശദീകരിച്ചു.
അമേരിക്കയുടെ വ്യവസായങ്ങള്‍ വരുന്നതിന് തടസ്സമുണ്ടോ എന്ന അവരുടെ ചോദ്യത്തിന്, എന്തു തടസ്സം, പണം നിക്ഷേപിക്കുന്നതിനെതിരല്ല എന്നു പറഞ്ഞു. പക്ഷേ, അതിനു നിബന്ധനകളുണ്ട് എന്നും പറഞ്ഞു. ഇത്രയും പറഞ്ഞ് കൈയുംകൊടുത്ത് പിരിഞ്ഞു. ഇതിലെന്താണ് തെറ്റ്. വിക്കി ലീക്‌സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എന്തോ ഗുരുതരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല -അദ്ദേഹം പറഞ്ഞു.
വിദേശമൂലധനം ഒരുകാരണവശാലും സ്വീകരിക്കരുതെന്ന തീരുമാനം പാര്‍ട്ടിക്കില്ല. അതേസമയം എല്ലാം വാങ്ങാം എന്ന നിലപാടുമില്ല. ആധുനിക സാമ്പത്തികവികസനത്തിനുതകുന്ന തരത്തിലുള്ള വിദേശമൂലധനം സ്വീകരിക്കാം. വിദേശമൂലധനം സ്വീകരിക്കുന്നതിനെക്കുറിച്ച് നേരത്തേതന്നെ പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വികസനനയത്തിന് വിദേശപണം സ്വീകരിക്കാം. പക്ഷേ, അതിനു വ്യക്തമായ മാനദണ്ഡം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതൊക്കെ മേഖലകളിലാവാമെന്നും പറഞ്ഞിട്ടുണ്ട്. ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്ന രീതിയിലുള്ള വായ്പകള്‍ വാങ്ങരുത്. അതിന്റെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ അജന്‍ഡകള്‍ ഉണ്ടാവാം- അദ്ദേഹം പറഞ്ഞു. പ്ലാച്ചിമടയെക്കുറിച്ച് അമേരിക്കന്‍ പ്രതിനിധികളോട് താന്‍ സംസാരിച്ചിട്ടില്ലെന്ന് വി.എസ് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് വി.എസ്സിനോട് അക്കാര്യം ചോദിച്ചില്ലായിരിക്കുമെന്നായിരുന്നു പിണറായിയുടെ മറുപടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ