2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

യുഎസ് പ്രതിനിധികളെ കണ്ടെന്ന് വി.എസ്.

യുഎസ് നയതന്ത്ര പ്രതിനിധികളുമായി താന്‍ ഇരുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു.

യുഎസ് നിക്ഷേപം കേരളത്തിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഇടതുനേതാക്കള്‍ യുഎസ് നയതന്ത്രപ്രതിനിധികളെ കണ്ടിരുന്നു എന്ന വിക്കിലിക്‌സ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിക്കിലിക്‌സിന്റെ ഈ വെളിപ്പെടുത്തല്‍ ദേശീയതാത്പര്യത്തിന് യോജിച്ചതല്ല.

യുഎസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇറാഖില്‍ അവര്‍ സ്ഥീകരിച്ച നിലപാടിനെ പരിഹസിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങളെയാണ് അന്ന് ചര്‍ച്ചയില്‍ പരിഹസിച്ചത്. പിന്നെ ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. തോമസ് ഐസക്കുമായോ എംഎ ബേബിയുമായോ അവര്‍ കൂടിക്കാഴ്ച നടത്തിയോ എന്ന് തനിക്കറിയില്ല.

ലോകവ്യാപകമായി എന്‍ഡോസള്‍ഫാനെ എതിര്‍ത്തുകൊണ്ട് അഭിപ്രായം വരുമ്പോള്‍ കേരളത്തില്‍ നിന്ന് തന്നെ എന്‍ഡോസള്‍ഫാന് അനുകൂലമായ ഒരു ഉദാഹരണം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിക്കിലിക്‌സ് രേഖകളെന്ന് വി.എസ്. പറഞ്ഞു.

പ്ലാച്ചിമടയിലെ കൊക്ക-കോളയ്‌ക്കെതിരെയുള്ള സമരം പ്രാദേശിക വിഷയമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുമെന്ന് കരുതുന്നില്ല. കൊക്ക-കോളയ്‌ക്കെതിരെയുള്ള സമരം പ്രാദേശിക വിഷയമല്ലെന്നും സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1957ല്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ പണം ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് അമേരിക്കയെ ഇന്ത്യയുടെ ശത്രുക്കളായി കണ്ടുവേണം മാധ്യമങ്ങള്‍ നിലപാടെടുക്കാന്‍ -വി.എസ്.പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ