2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

സ്വകാര്യ മൂലധന നിക്ഷേപം തേടി ണറായിയും ഐസക്കും ബേബിയും അമേരിക്കന്‍ പ്രതിനിധികളെ കണ്ടു


പിണറായിയും ഐസകും യു.എസ് സഹായം തേടിയെന്ന്

പിണറായിയും ഐസകും യു.എസ് സഹായം തേടിയെന്ന്

തിരുവനന്തപുരം: യു. എസിലെ സ്വകാര്യ കമ്പനികളുടെ മുതല്‍ മുടക്കിന് വേണ്ടി സി. പി. എം നേതൃത്വം അമേരിക്കന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയതായുള്ള വീക്കിലീക്സ് രേഖകള്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം പുറത്തു വിട്ടു. അമേരിക്കന്‍ വിദേശ കാര്യ വകുപ്പിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ അയച്ച രഹസ്യ കേബിളിലാണ് (166399- ആഗസ്റ് 2008) ഈ വെളിപ്പെടുത്തലുള്ളത്.

സ്വകാര്യ മേഖലയിലെ നിക്ഷപത്തിനായി അമേരിക്കയോട് അപേക്ഷിക്കുന്ന സംഘത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കൂടാതെ അന്നത്തെ മന്ത്രിമാരായ തോമസ് ഐസക്, എം എ ബേബി എന്നിവരുമുണ്ട്. അപേക്ഷ പാര്‍ട്ടിക്കുള്ളിലെ പരിഷ്കരണ വാദികള്‍ക്കുള്ള മേല്‍കയ്യിനെ കാണിക്കുന്നതാണ്.

“ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്.” പാര്‍ട്ടി ഓഫീസിലെ അടച്ചിട്ട മുറിക്കുള്ളില്‍ ലെനിനിന്റേയും സ്റ്റാലിന്റേയും ചില്ലിട്ട ചിത്രങ്ങള്‍ക്കു താഴെയിരുന്നുള്ള യോഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞതായി നിക്ഷേപകാര്യ ആലോചനാ യോഗത്തെക്കുറിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യു.എസ് കമ്പനികളുമായി ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. സര്‍ക്കാരിന്റെ പക്കല്‍ വികസന പ്രവര്‍ത്തനത്തിനു വേണ്ട ഫണ്ടില്ല. സ്വകാര്യ മേഖലയില്‍ നിന്ന് ഫണ്ട് ആവശ്യമുണ്ട്. യു.എസ് നിക്ഷേപത്തിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ മാറുന്ന കാഴ്ചപ്പാട് പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയായ പിണറായി വിജയന്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.
കൊക്കോകോള കമ്പനി പ്രശ്നം അമേരിക്കന്‍ കമ്പനികളെക്കുറിച്ചുള്ളതല്ല. അതൊരു പ്രാദേശികമായ പരിസ്ഥിതി പ്രശ്നം മാത്രമാണ്. ദല്‍ഹി ആസ്ഥാനമായുള്ള പാശ്ചാത്യ വിരുദ്ധരായ ചില ചില എന്‍ ജി ഒ ക്കാരാണ് കൊക്കോക്കോളയെ പ്രശ്നത്തിലാക്കിയതെന്നും പിണറായി അഭിപ്രായപ്പെട്ടതായി കേബിളുകള്‍ പറയുന്നു.

വേഗത്തിലുള്ള വ്യവസായവത്കരണമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ബജറ്റിന് ചെലവ് താങ്ങാനാവില്ല. അതുകൊണ്ട് സ്വകാര്യ മേഖലയെ സമീപിക്കുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനായിക്കായി പൊതുമേഖലയുടേയും സ്വകാര്യ മേഖലയുടേയും പങ്കാളിത്തത്തെ ഞങ്ങള്‍ ഉപയോഗിക്കും. എന്ന് പിണറായിയുടെ അഭിപ്രായത്തെ പിന്തുണച്ച് തോമസ് ഐസകും പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബയോ ടെക്നോളജി, ടൂറിസം തുടങ്ങിയ സേവന മേഖലയിലാണ് സര്‍ക്കാര്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നത്.

ആയുര്‍വേദ ചികിത്സയുടെ കാരണം പറഞ്ഞ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുത്തില്ല. യു.എസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി തോമസ് ഐസക് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു ചര്‍ച്ച. റീട്ടെയ്ല്‍ മേഖലയിയൊഴികെ വിദേശ നിക്ഷേപം ആകാമെന്നാണ് പാര്‍ട്ടിയുടെ കാഴചപ്പാട്.



അമേരിക്കയില്‍ നിന്നുള്ള സ്വകാര്യമൂലധന നിക്ഷേപത്തിന്
താല്‍പര്യം പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍ മന്ത്രിമാരായ ധനമന്ത്രി ടി.എം തോമസ് ഐസക്, എം.എ ബേബി എന്നിവര്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നതോടെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വം പുതിയ പ്രതിസന്ധിയില്‍.
അമേരിക്കയില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധിയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനും കേരളത്തിലെ സി.പി.എം നേതാക്കളുമായി വര്‍ഷങ്ങള്‍ക്ക്മുമ്പ് നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളാണ് വിക്കിലീക്‌സിനെ അധികരിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ നിക്ഷേപം ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടന്നത് പിണറായി വിജയന്റെ ഓഫിസില്‍വെച്ചാണെന്ന് (എ.കെ.ജി സെന്റര്‍) അമേരിക്കയുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിനയച്ച ഫയലുകളില്‍ പറയുന്നതായി വിക്കിലീക്‌സിന്റെ (കേബിള്‍ നമ്പര്‍166399,2008) രേഖകള്‍ വ്യക്തമാക്കുന്നു. ആയുര്‍വ്വേദ ചികില്‍സയിലാതിനാല്‍ അന്ന് ചര്‍ച്ച നടത്താനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായും രേഖകളിലുണ്ട്. എന്നാല്‍ പിന്നീട് വി.എസും അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഔദ്യോഗിക പക്ഷത്തിന് പാര്‍ട്ടിയിലുള്ള മേല്‍ക്കൈ കാരണമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച വിളിച്ചുചേര്‍ത്തതെന്ന് സി.പി.എം നേതാക്കള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നുണ്ട്. 'ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം വേണമെന്ന്' സ്റ്റാലിന്റെയും ലെനിന്റെയും ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം നേതാക്കള്‍ അറിയിച്ചതായാണ് ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ വരുന്നതിന് തങ്ങള്‍ക്ക്(സി.പി.എമ്മിന്) എതിര്‍പ്പൊന്നുമില്ലെന്ന് ചര്‍ച്ചയില്‍ പിണറായി വ്യക്തമാക്കിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തുന്നു. കേരളത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ കയ്യില്‍ മൂലധനം കുറവായതിനാല്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള മൂലധന നിക്ഷേപം ആവശ്യമാണെന്ന് സി.പി.എം നേതാക്കള്‍ പറയുന്നു. കേരളത്തില്‍ മാര്‍ക്‌സിസിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ മാറ്റങ്ങള്‍ പിണറായി വിജയന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വിശദീകരിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ പ്ലാച്ചിമട കൊക്കകോള കമ്പനിയിലെ പ്രശ്‌നങ്ങള്‍ പ്രാദേശിക വിഷയം മാത്രമാണെന്നും അത് അമേരിക്കയില്‍ നിന്നുള്ള കമ്പനികളുടെ കേരളത്തിലെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കുന്നു. 'കൊക്കകോള സമരത്തെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ചില എന്‍.ജി.ഒകള്‍ പെരിപ്പിച്ചു കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അത് ഒരിക്കലും അമേരിക്കന്‍ കമ്പനികളെ ബാധിക്കുന്ന പ്രശ്‌നമല്ല. ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണ്'-പിണറായി പറയുന്നു.
പിണറായി വിജയന്റെ വാക്കുകളെ അനുകൂലിച്ചാണ് ഐസക്കും ഉദ്യോഗസ്ഥരുമായി സംസാരിച്ചത്. 'കേരളത്തില്‍ ധ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണം ആവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യില്‍ അതിനുള്ളപണമില്ല. സ്വകാര്യമേഖലയില്‍ നിന്നുള്ള മൂലധനനിക്ഷേപം കേരളത്തിന് ആവശ്യമാണ്. പൊതു-സ്വകാര്യമേഖലകളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നും ഐസക് വ്യക്തമാക്കുന്നു. കേരളത്തിലെ വിദേശമൂലധന നിക്ഷേപത്തിന് പരിധികളുണ്ടെന്ന് പിണറായിയും, ഐസക്കും പറയുന്നു. ഐ.ടി മേഖലയിലും, ബയോടെക്‌നോളജി, ടൂറിസം രംഗത്തുമാണ് സി.പി.എം നേതാക്കള്‍ അന്ന് നിക്ഷേപത്തെ സ്വാഗതം ചെയ്തത്. പരിസ്ഥിതിയെ ഇത്തരം പദ്ധതികള്‍ ബാധിക്കാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഐസക്ക് ഉദ്യോഗസ്ഥരുമായി പ്രത്യേക ചര്‍ച്ച നടത്തി അമേരിക്കന്‍ കമ്പനികളുടെ പ്രതിനിധികളെ കേരള സന്ദര്‍ശനായി താന്‍ ക്ഷണിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എം.എ ബേബിയും നിക്ഷേപ കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. വിദേശ മൂലധന നിക്ഷേപത്തിന് ലെനിനിസ്റ്റ് തത്വങ്ങള്‍ അനുകൂലമാണെന്ന വാദവും ബേബി ഉന്നയിക്കുന്നുണ്ട്.
വി.എസിന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെക്കുറിച്ചും വിക്കിലീക്‌സ് രേഖകളിലുണ്ട്. 'ആയുര്‍വ്വേദ ചികില്‍സ നടക്കുന്നതിനാല്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നാണ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചത്. ഇതേ ന്യായീകരണം തന്നെയാണ് തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന പാര്‍ട്ടിയുടെ ഒരു കമ്മറ്റിയില്‍(സി.പി.എം സംസ്ഥാന കമ്മറ്റി) പങ്കെടുക്കാതിരിക്കുന്നതിനും വി.എസ് സ്വീകരിച്ചത്'-അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിനെ അറിയിച്ചു. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അച്യുതാനന്ദനും തോമസ് ഐസക്കും സമ്മതിച്ചു.



സി.പി.എം നേതാക്കള്‍ക്ക് അമേരിക്കന്‍ ബന്ധം
വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള സി.പി.എം നേതാക്കളുടെ അമേരിക്കന്‍ ബന്ധം പുറത്തായി. സംസ്ഥാനത്തിന് വിദേശ സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ പ്രതിനിധികള്‍ രണ്ടുഘട്ടമായാണ് കേരളത്തിലെത്തിയത്. ആദ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായിരുന്ന എം.എ. ബേബി, തോമസ് എെസക് എന്നിവരുമായും പിന്നീട് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാന്ദനുമായും ചര്‍ച്ച നടത്തിയതിന്റെ രേഖകളാണ് വീക്കിലീക്സ് പുറത്തുവിട്ടത്. അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വി.എസ് മുന്‍കയ്യെടുത്തെന്നും വീക്കിലിക്സ് വെളിപ്പെടുത്തി.
പിണറായി വിജയന്‍, എം.എ ബേബി, തോമസ് എെസക് എന്നിവര്‍ അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് വീക്കിലീക്സ് വെളിപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് പ്രതിനിധി സംഘത്തോട് പിണറായി വിജയന്‍ പറഞ്ഞത് എ.കെ.ജി സെന്ററില്‍ വെച്ചാണെന്നും വീക്കിലീക്സ് വ്യക്തമാക്കുന്നു. 2008ലാണ് അമേരിക്കന്‍ വിദേശ്യകാര്യ സംഘം കേരളത്തിലെത്തിയത്. ആദ്യഘട്ട ചര്‍ച്ച നടത്തിയത് എ.കെ.ജി സെന്ററില്‍ വെച്ചായിരുന്നു. കൊക്കകോളക്കെതിരായ സമരം കേരളത്തിലെ അമേരിക്കന്‍ നിക്ഷേപങ്ങളെ ബാധിക്കരുതെന്ന് ചര്‍ച്ചയില്‍ യു.എസ് ഉദ്യോഗസ്ഥരോട് പിണറായി വിജയന്‍ പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം പ്രാദേശികം മാത്രമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് സമരത്തിന് കാരണം. സമരത്തിന് പിന്നില്‍ സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും പിണറായി അമേരിക്കന്‍ സംഘത്തോട് പറഞ്ഞു.
സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് എെസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശ നിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല. താന്‍ ആയുര്‍വേദ ചികിത്സയിലാണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2008 ഓഗസ്റ്റ് 29ന് വി.എസുമായി അമേരിക്കന്‍ സംഘം വിശദമായ ചര്‍ച്ച നടത്തിയെന്നും വീക്കിലിക്സ് വെളിപ്പെടുത്തുന്നു. ഈ ചര്‍ച്ചയില്‍ വിവരസാങ്കേതിക വിദ്യ, ബയോടെക്നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തെ വി.എസ് സ്വാഗതം ചെയ്തു.
ഇന്ത്യയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിലെ പ്രധാന സി.പി.എം നേതാക്കളുടെ യു.എസ് ബന്ധം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ പറഞ്ഞതായും വീക്കിലിക്സ് രേഖപ്പെടുത്തിയിട്ടുണ്ട്. വിക്കിലീക്സ് രേഖകള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് പുറത്തു വിട്ടത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണവകരാറും ആസിയാന്‍ കരാറും ഉള്‍പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം നടത്തിയത് ഇരട്ടത്താപ്പാണെന്ന് വ്യക്തമായി. ഇത് പാര്‍ട്ടിയില്‍ ആശയ സംവാദങ്ങള്‍ക്ക് വഴിവെക്കുമെന്നും കരുതപ്പെടുന്നു. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുയര്‍ത്തുന്ന പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമടക്കം അമേരിക്കന്‍ സ്വകാര്യമൂലധന നിക്ഷേപത്തിന് പച്ചക്കൊടി കാട്ടിയെന്നത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയവരില്‍ ഒരാളായ തോമസ് എെസക്ക് ഇതിനെ ന്യായീകരിക്കുക കൂടി ചെയ്തതോടെ വിഷയത്തിന്റെ ഗൗരവമേറുകയാണ്.


വികസനത്തിന് തടസ്സം വി.എസ്. ആണെന്ന് ബ്രിട്ടാസ് പറഞ്ഞതായി രേഖ

Posted on: 31 Aug 2011


ചെന്നൈ: വിക്കീലീക്‌സ് രേഖകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതിനിടെ കൈരളി ചാനല്‍ മുന്‍ എം.ഡി. ജോണ്‍ ബ്രിട്ടാസുമായി അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ ബ്രിട്ടാസ് നടത്തിയ പരാമര്‍ശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കുറിപ്പില്‍ കാണാം.

കേരളത്തിലെ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ നല്ല ടീമാണ് ഉളളതെങ്കിലും വി.എസ്. ഈ ടീമിനെ നയിക്കാന്‍ കഴിവുള്ള ഒരാളല്ലെന്ന് ബ്രിട്ടാസ് പറഞ്ഞതായാണ് ഇതില്‍ പറയുന്നത്. ബേബിയേയും ഐസക്കിനേയും പോലുള്ള പ്രഗത്ഭര്‍ ഉണ്ടെങ്കിലും വിഭാഗീയതയുടെ കൂടപ്പിറപ്പായ വി.എസിന് അവരെ നല്ല രീതിയില്‍ മുന്നോട്ടുനയിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം സ്വന്തമായി മാത്രം കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നയാളാണ്.

പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ വികസന പ്രക്രിയയ്ക്ക് മുഖ്യമന്ത്രിമാര്‍ വലിയ താല്‍പര്യത്തോടെ നേതൃത്വം നല്‍കുമ്പോള്‍ കേരളത്തിലെ മുഖ്യന്റേത് മെല്ലെപ്പോക്ക് നയമാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള വിഭാഗം പരിഷ്‌കരണ-വികസന താല്‍പര്യങ്ങള്‍ ഉള്ളവരാണ്. സംഘടനയില്‍ വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞിട്ടുണ്ട്-ഇങ്ങനെ പോകുന്നു ബ്രിട്ടാസിന്റെ വാക്കുകള്‍ എന്നാണ് എംബസി ഉദ്യോഗസ്ഥനായ ഹൂപ്പര്‍ വാഷിങ്ടണ്ണിലേക്ക് അയച്ച രഹസ്യരേഖയില്‍ പറയുന്നത്.

എന്നാല്‍ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടിങ് രീതികളെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

ജോണ്‍ ബ്രിട്ടാസ് നല്‍കിയ വിശദീകരണം താഴെ;


''കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിവിധ പ്രതീതികളെക്കുറിച്ചാണ് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ പരാമര്‍ശിച്ചത്. ഇത് എന്റെ അഭിപ്രായമേ അല്ല. കൂടിക്കാഴ്ച്ചയുടെ അവസാനഘട്ടത്തില്‍ ഇത്തരം മാധ്യമ പ്രതീതികള്‍ അടിസ്ഥാനപരമായി തെറ്റാണെന്നും മറ്റൊരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത ഒട്ടേറെ വികസന പദ്ധതികള്‍ വി.എസ്. സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. വിക്കിലീക്‌സ് രേഖകള്‍ മുഴുവന്‍ പരിശോധിക്കുകയോ ഞാനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരം ആരായുകയോ ചെയ്താന്‍ ഇത് ബോധ്യപ്പെടുന്നതാണ്''.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ