2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

അമേരിക്കയോടുള്ള സി.പി.എം നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് അച്യുതാനന്ദന്‍


Image അമേരിക്കയോടുള്ള നിലപാടിന്റെ കാര്യത്തില്‍ സിപിഎമ്മിന് അമേരിക്ക, അമേരിക്കന്‍ സാമ്രാജ്യത്വം എന്ന നിലയിലുള്ള വേര്‍തിരിവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
ഇക്കാര്യത്തില്‍ ഇതുവരെ പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. സാമ്രാജ്യത്വശക്തി എന്നനിലയില്‍ അമേരിക്കയോട് ശക്തമായ എതിര്‍പ്പുണ്ട്. ക്യൂബയെ തകര്‍ക്കുന്നതിനായി ഫിഡല്‍ കാസ്‌ട്രോയെ കൊലപ്പെടുത്താന്‍ 117 തവണ പരിശ്രമിച്ച രാജ്യമാണ് അമേരിക്ക. ആ രാജ്യത്തോട് തനിക്ക് നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനോട് കൈരളി ചാനല്‍ മുന്‍ എം.ഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് സംബന്ധിച്ച വിക്കീലീക്‌സ് വെളിപ്പെടുത്തലിനെക്കുറിച്ച ചോദ്യത്തിന് ബ്രിട്ടാസ് ഏത് തരക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് വിഎസ് മറുപടി നല്‍കി. സിംഗപ്പൂരില്‍ കിഡ്‌നി റാക്കറ്റ് കേസില്‍ പ്രതിയായ ഫാരിസ് അബൂബക്കര്‍ എന്നയാളെ എഴുന്നള്ളിച്ച് കൊണ്ടുവന്ന് അഭിമുഖം നടത്തിയ ആളാണ് ബ്രിട്ടാസ്. ഇപ്പോള്‍ മര്‍ഡോക്കിന്റെ ആളായാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വാര്‍ത്ത ചോര്‍ത്തലിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മാപ്പു പറഞ്ഞയാളാണ് മര്‍ഡോക്ക്. അതുകൊണ്ടുതന്നെ ബ്രിട്ടാസ് ആക്ഷേപത്തിന് വിധേയനായാല്‍ അതില്‍ തെറ്റില്ലെന്നും അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ