മാറ്റത്തിന് തയാറായില്ലെങ്കില്‍ സി.പി.എമ്മിന് നാശമായിരിക്കും ഫലമെന്ന് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞതായി വിക്കിലീക്സ് രേഖകള്‍. വയസ്സന്മാരായ രാഷ്ട്രീയ നേതാക്കളുടെ കാലഹരണപ്പെട്ട ആശയങ്ങള്‍ക്കാണ് ഇന്നും ഇടതില്‍ മേധാവിത്വമെന്നും ബുദ്ധദേവ് അമേരിക്കന്‍ സ്ഥാനപതിയായിരുന്ന തിമോത്തി റോമറോട് പറഞ്ഞു.
2009 ഒക്ടോബര്‍ 13ന് കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാര്‍ട്ടികാര്യങ്ങള്‍ ബുദ്ധദേവ് തുറന്നു സംസാരിച്ചത്. അന്ന് സംസ്ഥാന മുഖ്യമന്ത്രിയാണ് ബുദ്ധദേവ്. കേരളത്തിനൊപ്പം, പശ്ചിമ ബംഗാളിലും വിക്കിലീക്സ് രേഖകള്‍ സി.പി.എമ്മില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
അമേരിക്കന്‍ വ്യവസായങ്ങള്‍ ബംഗാളില്‍ കൊണ്ടുവരുന്നതിന് സ്ഥാനപതിയുടെ സഹായം ബുദ്ധദേവ് കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചു. പെപ്സി കമ്പനിയുടെ ഫാക്ടറി ബംഗാളില്‍ വന്നത് ഉപകാരപ്പെട്ടുവെന്ന് ബുദ്ധദേവ് പറഞ്ഞു. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയെ പല വിഷയങ്ങളിലും ബുദ്ധദേവ് കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മാറ്റത്തിന് വിധേയമാകണം. പാര്‍ട്ടി നേതൃത്വത്തില്‍ ടെക്നോക്രാറ്റിക് വൈദഗ്ധ്യമില്ലാത്തത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അത്തരക്കാര്‍ക്കാണ് മേധാവിത്വം. പാര്‍ട്ടിയിലെ മറ്റുള്ളവരില്‍നിന്ന് ഭിന്നമായി, അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വതന്ത്ര ശാഖകള്‍ ബംഗാളില്‍ വരുന്നതിനെ മുഖ്യമന്ത്രി പിന്തുണച്ചതായും അമേരിക്കയിലേക്ക് പോയ രഹസ്യ സന്ദേശത്തിലുണ്ട്. ധനമന്ത്രി അസിംദാസ് ഗുപ്ത അടക്കം, തന്‍െറ മുതിര്‍ന്ന പല ഉപദേഷ്ടാക്കളും അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വ്യക്തിപരമായി അമേരിക്കക്ക് അനുകൂലമാണ് ബുദ്ധദേവിന്‍െറ നിലപാടെങ്കിലും, സി.പി.എം നേതൃത്വത്തിന്‍െറ നിര്‍ദേശങ്ങള്‍ അദ്ദേഹം പിന്തുടരും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ നേരത്ത് അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ വായ്ത്താരി നമുക്ക് കേള്‍ക്കേണ്ടിയും വരും’ -അമേരിക്കയിലേക്ക് നയതന്ത്ര കാര്യാലയം അയച്ച സന്ദേശം അവസാനിച്ചത് ഈ നിരീക്ഷണത്തോടെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ