അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയില്‍ വരുന്നദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ചരിത്രമുണ്ട് നമുക്ക്. കുറ്റം പറഞ്ഞുകൂടാ. 120 രാജ്യങ്ങളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബലപ്രയോഗമോ കൂട്ടക്കൊലയോ നടത്തുന്ന ആഗോള ഭീകരരാണ് അവര്‍. കേരളത്തിലെ കടിഞ്ഞൂല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭാശിശുവിനെ ക്രൂരമായി കഴുത്തുഞെരിച്ചുകൊന്ന കാട്ടാളന്മാരാണ്. കേരളത്തിലെ മൂന്നു ജില്ലയോളം ആള്‍പ്പാര്‍പ്പേ ഉള്ളൂ എങ്കിലും അവശേഷിക്കുന്ന ഒരു കമ്യൂണിസ്റ്റ് വന്‍ശക്തിയാണ് ക്യൂബ. ആ ക്യൂബയുടെ പ്രിയ ഫിഡല്‍ കാസ്‌ട്രോവിനെ കൊല്ലാന്‍ 117 വട്ടം ശ്രമംനടത്തി പരാജയപ്പെട്ട പൊങ്ങന്മാരാണ് അക്കൂട്ടര്‍. അത്തരമൊരു നികൃഷ്ടജന്തു നമ്മളെ കാണാന്‍ വന്നാല്‍ എന്താണ് നമ്മള്‍ ചെയ്യേണ്ടത്? പിടികൂടി ജനകീയ വിചാരണ നടത്താനൊന്നും പാടില്ല, നിയമം കൈയിലെടുക്കലായിപ്പോകും. അതുവേണ്ട. നിങ്ങളുടെ മരമോന്ത ഞങ്ങള്‍ക്ക് കാണേണ്ട എന്ന് പറഞ്ഞ് വാതില്‍ കൊട്ടിയടച്ചാല്‍ അത് ഭരണഘടനാവിരുദ്ധമാകുമോ എന്നറിയില്ല. വി.എസ്. അച്യുതാനന്ദന്‍ ചെയ്തതുപോലെ, ''കാണാന്‍ കൊള്ളുന്ന കോലത്തിലല്ല, ആയുര്‍വേദ ചികിത്സയിലാണ്'' എന്ന് പറഞ്ഞു തടിയൂരിക്കൂടായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അസ്സല്‍ വിപ്ലവകാരികള്‍ക്ക് അതുപറ്റില്ല. ചില അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ചേ പറ്റൂ. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വന്നാല്‍ കൊടുക്കുന്ന പാനീയങ്ങളേ എ.കെ.ജി. സെന്ററില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വന്നപ്പോഴും കൊടുത്തിട്ടുള്ളൂ. പ്രയാസപ്പെട്ടാണ് പുഞ്ചിരി ഫിറ്റ് ചെയ്തത്. ചോദിച്ചചോദ്യങ്ങള്‍ക്ക് കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴെന്നപോലെ കാര്യമാത്രപ്രസക്തമായ ഉത്തരങ്ങളേ നല്‍കിയിട്ടുള്ളൂ. ഇതിന്റെ പേരിലൊന്നും പാര്‍ട്ടിയെ യു.എസ്. ഏജന്റുമാരും സാമ്രാജ്യത്വദാസന്മാരുമായി ആരും മുദ്ര കുത്തേണ്ട.
നേതാക്കളെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റും കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവിടെ അലഞ്ഞ ഈ കൂട്ടര്‍ അസല്‍ സി.ഐ.എ.ക്കാര്‍ തന്നെയല്ലേ എന്ന ദുരുദ്ദേശ്യപൂര്‍ണമായ സംശയം ചിലര്‍ ഉന്നയിക്കുന്നുണ്ട്. എംബസികളിലും കോണ്‍സുലേറ്റുകളിലും ജോലിചെയ്യുന്ന മിക്ക ആളുകളും സി.ഐ.എ. ഉദ്യോഗസ്ഥരോ സി.ഐ.എ.യ്ക്ക് വിവരം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരോ ആണെന്നത്രെ കേള്‍വി. ഏജന്റ്, സി.ഐ.എ. എന്നെഴുതിയ നെയിംകാര്‍ഡ് ഒന്നും കാണില്ല. എങ്കിലും പണിയതുതന്നെ. ആയിക്കൊള്ളട്ടെ. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുന്നവരെ സി.ഐ.എ. ചാരന്മാര്‍ എന്ന് വിളിക്കാറുണ്ടെന്നതും സത്യം. ഇങ്ങോട്ടൊന്നും വാങ്ങാതെ അങ്ങോട്ട് വിവരങ്ങള്‍ നല്‍കുന്നത് ചാരവൃത്തിയല്ല എന്നതാണ് വിക്കിപീഡിയ നിര്‍വചനം. ചില്ലാനം വാങ്ങണം. വിദേശ മൂലധനം കിട്ടാന്‍വേണ്ടി വിവരം നല്‍കുന്നത് ചാരവൃത്തി അല്ല. എന്നാല്‍ വിദേശ മൂലധനതാത്പര്യം സംരക്ഷിക്കാന്‍വേണ്ടി അങ്ങനെ ചെയ്യുന്നത് അതാണുതാനും. അരാഷ്ട്രീയ ബൂര്‍ഷ്വകള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.
വിഷയഗ്രാഹ്യമില്ലാത്ത പാമരന്മാരല്ല സി.പി.എം. നേതാക്കള്‍. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ എത്രയോ കാലമായി കേരളത്തിലെ പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ള സി.ഐ.എ.ഏജന്റുമാരെ തുറന്നുകാട്ടിയിട്ടുള്ള നേതാവാണ്. വര്‍ഷത്തില്‍ ഒരിക്കല്‍എന്ന ക്രമത്തിലാണ് അദ്ദേഹം സി.ഐ.എ-മാധ്യമ ബന്ധത്തെക്കുറിച്ചുള്ള തന്റെ തീസിസ് പ്രസിദ്ധപ്പെടുത്താറുള്ളത്. പിന്നെ ഒരാള്‍ ഡോ. തോമസ് ഐസക്കാണ്. ധനകാര്യമന്ത്രിക്ക് പിടിപ്പതുപണി ഇവിടെ ഉള്ളപ്പോള്‍ അമേരിക്കയില്‍പോയി ചാരന്മാരെക്കുറിച്ച് അന്വേഷണം നടത്തി ഗ്രന്ഥം രചിച്ച മഹാനാണ് അദ്ദേഹം. സി.ഐ.എ.ചാരന്മാരെ ഒരു കിലോമീറ്റര്‍ ദൂരെകണ്ടാല്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വേര്‍ അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടത്രെ. അതുകൊണ്ടാവണം അമേരിക്കക്കാരുമായുള്ള ചര്‍ച്ചയില്‍ ആഗോളീകരണത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്ത ശേഷം അദ്ദേഹം യു.എസ്. പൊളിറ്റിക്കല്‍ കോണ്‍സലറെ വിളിച്ച് അടുത്തുനിര്‍ത്തി ''അതൊക്കെ അവിടെ നില്‍ക്കട്ടെ, കേരളത്തില്‍ നിക്ഷേപിക്കാന്‍ ചില്വാനം മൂലധനം എടുക്കാനുണ്ടോ പോക്കറ്റില്‍?'' എന്നുചോദിച്ചത്.
വലിയ വേന്ദ്രന്മാരോ സൈദ്ധാന്തികരോ അല്ല ഇവിടെ വന്ന കൂട്ടര്‍. സ്റ്റാലിന്റെയും ലെനിനിന്റെയും ഫ്രെയിംചെയ്ത ചിത്രങ്ങള്‍ക്ക് ചുവടെ ഇരുന്നാണ് പിണറായി വിജയന്‍ കേരളത്തില്‍ സ്വകാര്യ മൂലധന നിക്ഷേപമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതെന്നും അതുകേട്ട് തങ്ങള്‍ അമ്പരന്നുവെന്നുമാണ് അവര്‍ കേബിളടിച്ചത്. സ്റ്റാലിനെയും ലെനിനെയും അവര്‍ തിരിച്ചറിഞ്ഞത് ഭാഗ്യം. ചരിത്രപുസ്തകത്തിലല്ലാതെ ചുമരില്‍ ഇവര്‍ തൂങ്ങിനില്‍ക്കുന്നത് ആദ്യമായി കണ്ടതാവാം. അമേരിക്കന്‍ മൂലധനനിക്ഷേപം വേണം എന്ന് നേതാക്കള്‍ പറഞ്ഞതാവണം അമേരിക്കക്കാരെ അമ്പരപ്പിച്ചത്. അമ്പരക്കേണ്ട കാര്യമൊന്നുമില്ല. മുമ്പ് പലവട്ടം പറഞ്ഞതാണിത്. 1957 ല്‍ ബിര്‍ലയെ കൂട്ടിക്കൊണ്ടുവന്ന് കേരളത്തില്‍ മൂലധനം നിക്ഷേപിച്ചത് പാര്‍ട്ടിയാണ്. പ്ലാച്ചിമടയില്‍ കൊക്കകോളയ്ക്ക് കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയത് പാര്‍ട്ടിയാണ്. മുഖ്യമന്ത്രി നായനാര്‍ പലവട്ടം മൂലധനം തേടി അമേരിക്കയില്‍ പോയിട്ടുമുണ്ട്. പിന്നെയെന്തിന് കോണ്‍സല്‍ ഉദ്യോഗസ്ഥന്‍ അമ്പരക്കണം? ഇവിടെ വന്ന് മൂലധനമിറക്കി ഞങ്ങളെ ചൂഷണം ചെയ്ത് വികസിപ്പിക്കൂ എന്ന് കേണപേക്ഷിച്ചാലും വിശ്വസിക്കുകയില്ല എന്നുവെച്ചാലെന്തുചെയ്യും?
എന്തായാലും കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റുകാരേക്കാള്‍ ഭേദമാണ് അമേരിക്കന്‍ കോണ്‍സലുകാര്‍ എന്നുവേണം കരുതാന്‍. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതൊന്നും അവര്‍ വളച്ചൊടിച്ചിട്ടില്ല. പറയാത്തത് പറഞ്ഞതായി കേബിളടിച്ചെന്ന ആക്ഷേപം എം.കെ. മുനീറിന് കാണുമായിരിക്കും, സി.പി.എം. നേതാക്കള്‍ക്ക് ആ പരാതിയില്ല. പറഞ്ഞത് മുഴുവന്‍ കേബിളടിച്ചില്ല എന്ന് ജോണ്‍ ബ്രിട്ടാസിന് പരാതി കാണുമായിരിക്കും, സി.പി.എമ്മിന് അതുമില്ല. ചൂഷകരും വഞ്ചകരും കൊള്ളക്കാരും ദുഷ്ടന്മാരുമൊക്കെയായിരിക്കാം - പക്ഷേ, മാന്യന്മാരാണ്. ശത്രുവാണ് പക്ഷേ, പ്രിയപ്പെട്ട ശത്രുവാണ്.
********
സായ്പ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നു എന്നു കേട്ടിട്ടേയുള്ളൂ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും യു.എസ്. സായ്പ്പിന്റെ പ്രതിനിധികള്‍- അവര്‍ വെളുത്ത സായ്പ്പന്മാരോ കറുത്ത സായ്പ്പന്മാരോ എന്നുറപ്പില്ല-വന്ന് ചോദ്യം ചോദിച്ചപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ കവാത്ത് മറന്നുപോയി. ലോക്കപ്പിലിട്ട് മര്‍ദിച്ചാല്‍ സത്യം പറയാത്തവരും മണിമണി പോലെ എല്ലാം പറഞ്ഞുകൊടുത്തു. താന്‍ പറയാത്തത് തന്റെ മേല്‍ വെച്ചുകെട്ടി എന്ന് പറഞ്ഞത് മന്ത്രി മുനീര്‍ മാത്രം. പക്ഷേ, അത് അധികംപേര്‍ വിശ്വസിക്കുന്നില്ല. സദ്ദാം ഹുസൈന്‍ ആറ്റംബോംബുണ്ടാക്കി എന്നും മറ്റുമുള്ള വലിയ കളവുകളേ അമേരിക്കക്കാര്‍ പറയാറുള്ളൂ. എം.കെ. മുനീറും കുഞ്ഞാലിക്കുട്ടിയുമൊന്നും കള്ളം പറയാന്‍മാത്രം വലിയ ഇരകളല്ല അവര്‍ക്ക്.
''സത്യം പറഞ്ഞാല്‍ അമ്മ തല്ലുവാങ്ങും ഇല്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും'' എന്ന അവസ്ഥയിലാണ് മന്ത്രി മുനീര്‍. അദ്ദേഹം അനേകം സായ്പ്പന്മാരോട് കേരളത്തിലെ കാര്യം സംസാരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി എന്ന് 'കു, മ' മിണ്ടിയിട്ടില്ലത്രെ. എന്‍.ഡി.എഫിനെ കുഞ്ഞാലിക്കുട്ടി തുണയ്ക്കുന്നു എന്നു പറഞ്ഞാലും കുഴപ്പം, കുഞ്ഞാലിക്കുട്ടിയെ എന്‍.ഡി.എഫ്. തുണയ്ക്കുന്നു എന്നു പറഞ്ഞാലും കുഴപ്പം. ചാനലുകാരോ പത്രക്കാരോ ആണ് ചോദിച്ചിരുന്നതെങ്കില്‍ നല്ല അച്ചടിഭാഷയില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തീവ്രവാദത്തെ എതിര്‍ക്കുന്നു എന്നുതട്ടാമായിരുന്നു. വേണമെങ്കില്‍ കൂടെ ഒരു സിനിമാപ്പാട്ടും പാടാം. പക്ഷേ, അമേരിക്കക്കാരോട് കള്ളം പറയുന്നതെങ്ങനെ? അമേരിക്കക്കാരോടുപോലും സത്യംപറയാന്‍ പറ്റില്ലെന്ന് വന്നാല്‍ എങ്ങനെ ഈ ഭൂമിയില്‍ കഴിഞ്ഞുകൂടൂം ? ഇതേ നിലയ്ക്ക് പോയാല്‍ പടച്ചോനോട് പ്രാര്‍ഥിച്ചതും പത്രത്തില്‍ വരുന്ന 'കാ, മോ' എന്തോ... പേടിക്കണം.
കുഞ്ഞാലിക്കുട്ടി എന്തെല്ലാം ചെയ്തു, ചെയ്യുന്നു എന്നറിയാന്‍ ആര്‍ക്കും- സി.ഐ.എ-ഐ.ബി. തുടങ്ങിയവര്‍ക്ക് പ്രത്യേകിച്ചും- മുനീറിന്റെ മൊഴിയൊന്നും വേണ്ട. കേരളത്തില്‍ ആരോട് ചോദിച്ചാലും അറിയുന്നതേ മുനീറിനും പറയാനാവൂ. ഏതാണ്ടൊരു തുറന്ന പുസ്തകമായിട്ടുണ്ട് കുഞ്ഞാലിക്കുട്ടിയുടെ ജീവിതം. മഹാത്മാഗാന്ധിയെ പോലെ ചുരുക്കം ചിലര്‍ക്കേ ഇങ്ങനെ ഇതിനുമുമ്പ് കഴിഞ്ഞിട്ടുള്ളൂ. ഗാന്ധിജിക്ക് മറയ്ക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. കുഞ്ഞാലിക്കുട്ടിക്ക് മറയ്ക്കാന്‍ അധികമൊന്നും ബാക്കിയില്ല എന്ന വ്യത്യാസം മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ